200ലേറെ കേസുകളിൽ പൊലീസ് തിരയുന്ന മെക്സിക്കൻ ലഹരിക്കടത്തുകാരൻ ബ്രയാൻ ഡോൺച്യാനോ ഒലിൻ വെർദുഗോ അറസ്റ്റിൽ. കൊളംബിയയിലെ ആഡംബര അപ്പാർട്ട്മെന്‍റിൽ ഒളിച്ചുതാമസിക്കവേയാണ് ഇയാളെ പിടികൂടിയത്. ബ്രയാന്‍റെ കാമുകിയും മോഡലുമായ യുവതി സെൽഫി പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ലഹരിക്കടത്തിലെ കിരീടം വെക്കാത്ത രാജാവായ 'എൽ ചാപ്പോ' എന്ന പേരിൽ കുപ്രസിദ്ധിനേടിയ ജോക്വിൻ ഗുസ്‌മാന്‍റെ സംഘാംഗമാണ് ഇപ്പോൾ പിടിയിലായ ബ്രയാൻ. 'എൽ പിറ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഫെബ്രുവരിയിൽ ഇയാൾ കൊളംബിയയിലേക്കെത്തിയതായി യു.എസ് വിവരം നൽകിയിരുന്നു. ഇതിന് ശേഷം ആയുധധാരികളായ സംഘത്തോടൊപ്പം നഗരങ്ങൾ തോറും മാറിമാറി കഴിയുകയായിരുന്നു ഇയാൾ.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരു കൂടിക്കാഴ്ചക്ക് ശേഷമാണ് ബ്രയാൻ മെക്സിക്കൻ മോഡലായ കാമുകിയെ കാണാനെത്തിയത്. കാമുകിയുടെ നിർബന്ധപ്രകാരം വിനോദസഞ്ചാര കേന്ദ്രമായ ലോസ് ക്രിസ്റ്റാലസ് സന്ദർശിക്കുകയും ചെയ്തു. ഇവിടെയുള്ള കൂറ്റൻ യേശു ക്രിസ്തു പ്രതിമയുടെ മുന്നിൽ വെച്ച് പകർത്തിയ ചുംബന സെൽഫിയാണ് കാമുകി ഫേസ്ബുക്കിലിട്ടത്. ഇതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് കാല നഗരത്തിലെ ആഡംബര ഫ്ലാറ്റിൽവെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിനിടെ, തന്നെ വിടാൻ ഇയാൾ രണ്ടരലക്ഷം ഡോളർ പൊലീസിന് കൈക്കൂലിയായി വാഗ്ദാനം ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കോയിലായിരുന്നെങ്കിൽ തന്‍റെ അനുയായികൾ ആയുധങ്ങളുമായെത്തി ഈ നിമിഷം തന്നെ മോചിപ്പിച്ചേനെയെന്നും ഇയാൾ പറഞ്ഞു. പ്രതിക്കായി 196 രാജ്യങ്ങളിൽ ഇന്‍റർപോളിന്‍റെ ലുക്കൗട്ട് നോട്ടീസുണ്ട്. പ്രതിയെ വിചാരണക്കായി കലിഫോർണിയയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.