ദക്ഷിണ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ വ്യാപകമായ കാട്ടുതീ. 24 പേർ മരിച്ചു. 27,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 200 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. നിരവധി വീടുകൾ, ഫാക്ടറികൾ, വാഹനങ്ങൾ എന്നിവ നശിച്ചു.
1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രം തീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും തടി ഉപയോഗിച്ചുള്ള പ്രധാന കെട്ടിടങ്ങൾ തീയിൽ അകപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചു. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ്. തീ അണയ്ക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും ദക്ഷിണകൊറിയ ആക്ടിങ് പ്രസിഡൻറ് ഹാൻ ഡക്ക്-സൂ പറഞ്ഞു.
മിക്ക പ്രദേശങ്ങളിലും തീ അണയ്ക്കാൻ കഴിഞ്ഞെങ്കിലും കാറ്റ് ശക്തമായതോടെ വീണ്ടും പടരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച 5-10 മില്ലിമീറ്റർ മഴ പ്രതീക്ഷിക്കുന്നതിനാൽ, തീ നിയന്ത്രിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ നിയന്ത്രണത്തിന് വലിയ വെല്ലുവിളിയാകുകയാണ്.
അതിനാൽ തെക്കുകിഴക്കൻ നഗരങ്ങളിലെ ഉദ്യോഗസ്ഥർ മൂവായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. അണ്ടോങ്ങ്, ഉയിസോങ്, സാഞ്ചിയോങ്, ഉൽസാൻ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
കൊറിയ ഫോറസ്റ്റ് സർവീസ് കാട്ടുതീ മുന്നറിയിപ്പ് നൽകിയതോടെ, വനങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനുമുമ്പുള്ള കാട്ടുതീകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ കാട്ടുതീ ആണെന്ന് പരിസ്ഥിതി വിദഗ്ദ്ധർ വ്യക്തമാക്കി. തീയണയ്ക്കാൻ കൂടുതൽ അഗ്നിശമന സേനാംഗങ്ങളും സൈനികരും വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.