വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാത്തതിനാൽ ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) കരാർ അവസാനിപ്പിക്കുകയാണെന്ന് ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്ക്. മസ്കിന്റെ പ്രസ്താവന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പർ സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമാണ് ഇലോൺ മസ്ക്.
വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള നിരന്തര അഭ്യർഥനകളോട് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റർ ലംഘിച്ചുവെന്നും മസ്‌കിന്റെ അഭിഭാഷകർ പറഞ്ഞു. അതേസമയം, മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാൻ ട്വിറ്റർ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്‌ലോ പറഞ്ഞു. ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ മസ്‌ക് ഒരു ബില്യൺ ഡോളർ ബ്രേക്ക്-അപ്പ് ഫീസ് നൽകണമെന്നാണ് ഇടപാടിന്റെ നിബന്ധനകൾ.
കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് മസ്ക് അറിയിച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ഏറ്റെടുക്കൽ. അതിനിടെ, ഒരു ദിവസം 10 ലക്ഷം വ്യാജ അക്കൗണ്ടുകൾ തങ്ങൾ നീക്കം ചെയ്യുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ വന്നതും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.