ബെർലിൻ: നീണ്ട ഒന്നര പതിറ്റാണ്ട് യൂറോപിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുടെ അമരത്തിരുന്ന ഉരുക്കുവനിത ഒടുവിൽ പണിനിർത്തുന്നു. ചാൻസ്ലർ പദവിയിൽനിന്ന് സെപ്റ്റംബറിലെ ഫെഡറൽ തെരഞ്ഞെടുപ്പോടെ മാറിനിൽക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനാൽ മെർകലിന്‍റെ പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾ (സി.ഡി.യു) യോഗം ചേരുകയാണ്. പാർട്ടിയുടെ പുതിയ അധ്യക്ഷനെ ശനിയാഴ്ച ചേരുന്ന യോഗം തെരഞ്ഞെടുക്കും.
2005ൽ ആദ്യമായി അധികാരമേറ്റ ശേഷം ഇന്നോളം ജനം കൈവിട്ടിട്ടില്ലാത്ത അംഗല മെർകൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുനടത്തി ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയവരാണ്. അഭയാർഥി പ്രശ്നത്തിൽ നടപടികളറിയാതെ യൂറോപ് ഉഴറിയപ്പോൾ 10 ലക്ഷം അഭയാർഥികളെ മാസങ്ങൾക്കകം രാജ്യത്തെത്തിച്ച് സ്വീകരണമൊരുക്കിയാണ് മെർകൽ നേതൃപാടവം തെളിയിച്ചത്. അതിന്‍റെ പേരിൽ വംശീയ ചേരിതിരിവ് സൃഷ്ടിച്ച് രാജ്യത്ത് അധികാരം പിടിക്കാൻ തീവ്ര വലതുപക്ഷം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിട്ടില്ല.
സി.ഡി.യു ഓൺലൈനായി നടത്തുന്ന സമ്മേളനത്തിൽ പങ്കാളികളാകുന്ന 1,001 പ്രതിനിധികളാണ് പുതിയ ചെയർമാനെ തീരുമാനിക്കുക. പാർട്ടി ചെയർമാൻ തന്നെയാണ് സാധാരണമായി തെരെഞ്ഞടുപ്പ് ജയിച്ചാൽ ചാൻസ്ലർ പദവിയിലുമെത്തുക. സഖ്യകക്ഷിയായ ക്രിസ്റ്റ്യൻ സോഷ്യൽ യൂനിയൻ കൂടി അംഗീകരിക്കണമെന്നു മാത്രം.
നിലവിൽ അർമിൻ ലാഷെറ്റ്, ഫ്രഡറിക് മെർസ്, നോർബർട്ട് റോട്ട്ഗെൻ എന്നിവരാണ് പിൻഗാമിയാകാനുള്ള മത്സരത്തിൽ പറഞ്ഞുകേൾക്കുന്ന പേരുകൾ. പട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും വോട്ടർമാരുടെ ഇഷ്ടക്കാരൻ എന്ന നിലക്ക് മാർകസ് സോഡറും സജീവ പരിഗണനയിലുണ്ട്. ചാൻസ്ലർ പദവിയിൽ നിലവിലെ ആരോഗ്യ മന്ത്രി ജെൻസ് സ്പാനിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.
മെർകൽ മൃദു സമീപനം കൊണ്ടും ഉറച്ച നേതൃത്വം കൊണ്ടും പാർട്ടി അണികളെയും രാജ്യത്തെയും മാത്രമല്ല, ലോകം മുഴുക്കെ ആദരം നേടിയപ്പോൾ പിൻഗാമികളാകാനുള്ളവർക്ക് അത്രയും എത്താനാകുമോ എന്നാണ് പുതിയ ചർച്ച.
പാർലമെന്റ് വിദേശകാര്യ സമിതി ചെയർമാനായ റോട്ട്ഗെൻ റഷ്യ, ചൈന എന്നിവർക്കെതിരെ കടുത്ത നിലപാട് വേണമെന്ന പക്ഷക്കാരനാണ്. മെർസ് ആകട്ടെ, യൂറോപ്യൻ സെൻട്രൽ ബാങ്കിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.