ഒട്ടാവ: സിഖ് വിഘടനവാദി സംഘടന സിഖ് ഫോർ ജസ്റ്റിസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാൻ കാനഡയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് വർമ്മയാണ് ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കനേഡിയൻ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുമെന്ന് സഞ്ജയ് വർമ്മ പറഞ്ഞു.
വിഡിയോയുടെ ഉള്ളടക്കം വിശദമായി പരിശോധിച്ചു. ചിക്കാഗോ കൺവെൻഷന്റെ ലംഘനമാണ് വിഡിയോയെന്നും വർമ്മ പറഞ്ഞു. വ്യോമയാന ഗതാഗതത്തിനുള്ള ചട്ടങ്ങളാണ് ചിക്കാഗോ കൺവെൻഷനിൽ രൂപീകരിച്ചത്. ഇന്ത്യയും കാനഡയും കൺവെൻഷൻ ചട്ടങ്ങൾ അംഗീകരിച്ചിട്ടുണ്ട്.ഇതുകൂടാതെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി കരാറിലും ഇത്തരം ഭീഷണികൾ നേരിടാൻ വ്യവസ്ഥകളുണ്ടെന്നും ഇന്ത്യൻ ഹൈകമീഷണർ അറിയിച്ചു. ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിൽ നിന്നും കനേഡിയൻ നഗരങ്ങളായ ടൊറന്റോയിലേക്കും വാൻകോവറിലേക്കും എയർ ഇന്ത്യക്ക് വിമാന സർവീസുകളുണ്ട്.
ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകൾക്ക് ജീവൻ അപകടത്തിലാകുമെന്ന ഭീഷണിയുമായി സിഖ് വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നു രംഗത്തു വന്നിരുന്നു. നവംബർ 19ന് ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പന്നു ഭീഷണപ്പെടുത്തി.
2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുർപത്‍വന്ത് സിങ് പന്നു. 2019ലാണ് പന്നുവിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻ.ഐ.എ കോടതി പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.