ഉര്‍ദുഗാന്‍: ചരിത്രവിജയത്തിന്‍െറ തേരാളി

അങ്കാറ: റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ -പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സംശയത്തിന്‍െറ കണ്ണുകളോടെ വീക്ഷിക്കുമ്പോള്‍ തുര്‍ക്കി ജനത നെഞ്ചേറ്റുകയാണ് 61കാരനായ ഈ നേതാവിനെ. 550 സീറ്റുകളില്‍ 316 സീറ്റുകളോടെ ചരിത്രവിജയം നേടി ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി (അക് പാര്‍ട്ടി) രാജ്യത്തെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 276 സീറ്റുകളാണ് ഭൂരിപക്ഷം തികക്കാന്‍ വേണ്ടത്.
ഞായറാഴ്ച രാത്രി അവസാനവട്ടഫലം പുറത്തുവന്നപ്പോള്‍ അഭിപ്രായ സര്‍വേകള്‍ കാറ്റില്‍പറത്തി മുഖ്യപ്രതിപക്ഷകക്ഷിയായ റിപബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി 49.3 ശതമാനം വോട്ടുകളാണ് ഉര്‍ദുഗാന്‍െറ പാര്‍ട്ടി പെട്ടിയിലാക്കിയത്. അതായത് കഴിഞ്ഞ ജൂണില്‍ ലഭിച്ച വോട്ടിനേക്കാള്‍ 10 പോയന്‍റ് കൂടുതല്‍. റിപബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി 134ഉം പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി 59ഉം നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി 41ഉം സീറ്റുകള്‍ നേടി. 2002 മുതലുള്ള അക് പാര്‍ട്ടിയുടെ ചരിത്രവിജയങ്ങളെ കവച്ചുവെക്കുന്നതാണ് ഇപ്പോഴത്തെ വിജയം. പാര്‍ട്ടിയുടെ വിജയത്തിന്‍െറ പ്രധാന സൂത്രധാരനും ഉര്‍ദുഗാന്‍ തന്നെ. ഐക്യത്തിന്‍െറയും ദേശീയോദ്ഗ്രഥനത്തിന്‍െറയും വിജയമെന്നാണ് വിജയത്തെ ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്.
 

തെരഞ്ഞെടുപ്പ് വിജയത്തില്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി അനുകൂലികളുടെ ആഹ്ളാദപ്രകടനം
 

ജനാധിപത്യരാജ്യത്ത് അടിച്ചമര്‍ത്തലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നിലനില്‍പില്ളെന്ന സന്ദേശമാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 ദൈവത്തിന് നന്ദി, തുര്‍ക്കിയിലെ ജനതക്കും. എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. ‘ജനാധിപത്യം വിജയിച്ചിരിക്കുന്നു. തുര്‍ക്കിയുടെ മണ്ണില്‍ സ്നേഹത്തിന്‍െറ വിത്തുകള്‍ വിതക്കുകയാണ് ഞങ്ങള്‍. ശത്രുവോ എതിരാളികളോ ഇവിടെയുണ്ടാകില്ല സ്നേഹം മാത്രമേ ഈ മണ്ണില്‍ ഇനി വിളയൂ’ ഇസ്തംബൂളില്‍ തടിച്ചുകൂടിയ ആയിരക്കണക്കണക്കിന് അനുയായികളെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു.
13 വര്‍ഷം മുമ്പ് രാഷ്ട്രീയ അട്ടിമറികള്‍ക്കും അരാജകത്വത്തിനും അറുതിവരുത്തി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന പഴയ ഇസ്തംബൂള്‍ മേയറുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി ഭരണസാരഥ്യം ഏറ്റെടുത്തതോടെ തകര്‍ന്ന് കുത്തുപാളയെടുത്ത തുര്‍ക്കി സാമ്പത്തിക അഭിവൃദ്ധിയിലേക്കുനീങ്ങി. 2002 മുതല്‍ അക് പാര്‍ട്ടി ജൈത്രയാത്ര തുടരുകയായിരുന്നു. യൂറോപ്പിലെ വളരുന്ന സമ്പദ്വ്യവസ്ഥ തുര്‍ക്കിയുടേതാണെന്ന തിരിച്ചറിവ് വന്‍ശക്തികളെ അങ്കാറയിലേക്ക് ആകര്‍ഷിച്ചു.    
ഏരിയല്‍ ഷാരോണിന്‍െറ കൊടുംക്രൂരതകളെ തള്ളിപ്പറഞ്ഞ് ഫലസ്തീനികളുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അദ്ദേഹം ആര്‍ജവം കാണിച്ചു. ഇപ്പോള്‍ ബിനാമിന്‍ നെതന്യാഹു ഫലസ്തീനികള്‍ക്കെതിരെ  പൈശാചികത്വം തുടരുമ്പോഴും ഉര്‍ദുഗാന്‍ അതിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചു.
മുസ്തഫ കമാല്‍ പാഷയുടെ പൈതൃകങ്ങളെ തട്ടിമാറ്റി പുതിയൊരു തുര്‍ക്കിയെ കെട്ടിപ്പടുക്കുകയായിരുന്നു അദ്ദേഹം. ആ യാഥാര്‍ഥ്യം തുര്‍ക്കി ജനതയും അംഗീകരിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ജൂണിലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന പ്രവചനങ്ങളാണ് ഇപ്പോള്‍ വെള്ളത്തിലായിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.