ലണ്ടൻ: ഈജിപ്തിലെ സിനായിൽ 224 പേരുമായി റഷ്യൻ വിമാനം തകർന്നത് ബോംബ് സ്ഫോടനത്തെ തുർന്നാണെന്ന് യു.എസും ബ്രിട്ടണും. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ തങ്ങൾക്കായിട്ടില്ലെന്നും അവർ അറിയിച്ചു. ബോംബ് സ്ഫോടനത്തെ തുടർന്ന് വിമാനം തകർന്നതെന്നാണ് പ്രാഥമികമായ തങ്ങളുടെ നിഗമനമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് അറിയിച്ചു. തകർന്ന വിമാനം പുറപ്പെട്ട ഈജിപ്തിലെ ശറമുശൈഖിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ബ്രിട്ടൺ റദ്ദാക്കി. ശറമുശൈഖിലേക്ക് വിനോദസഞ്ചാരത്തിന് പോവരുതെന്ന് ബ്രിട്ടീഷ് പൗരൻമാർക്ക് നിർദേശം നൽകിയതായും ഹാമണ്ട് അറിയിച്ചു.
വിമാനം തകർന്നതിന് പിന്നിൽ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് താൽക്കാലിക നിഗമനമാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൂടുതൽ പുറത്തുപറയാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
വിമാനം തകർന്നുവീണ സ്ഥലത്തെ ഫോറൻസിക് റിപ്പോർട്ട്, വിമാനത്തിൻെറ ബ്ലാക്ബോക്സിലെ വിവരങ്ങൾ എന്നിവ പുറത്തുവരുന്നതിന് മുമ്പാണ് ബ്രിട്ടീഷ്, യു.എസ് ഉദ്യോഗസ്ഥർ അപകടത്തിനുപിന്നിൽ സ്ഫോടനമാണെന്ന് അറിയിച്ചത്. അതേസമയം സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് ഇസ് ലാമിക് സ്റ്റേറ്റ് ഇന്നലെ വീണ്ടും അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം വിമാനത്തിൻെറ കോക് പിറ്റ് വോയ്സ് റെകോർഡറിന് അപകടത്തിൽ സാരമായ കേട് പറ്റിയിട്ടുണ്ടെന്ന് റഷ്യയും ഈജിപ്തും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.