പാരിസ് ആക്രമണം: ഒരാളെ തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ്

പാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ ഭീകരാക്രമണം നടത്തിയ സംഘത്തിൽ ഉൾപെട്ട ഒരാളെ തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ്. പാരിസ് സ്വദേശി ഉമർ ഇസ്മായിൽ മുസ്തഫയെയാണ് തിരിച്ചറിഞ്ഞതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനം നടന്ന ബറ്റാക്ലൻ കൺസേർട്ട് ഹാളിൽ നിന്നും ഇയാളുടെ വിരലടയാളം പൊലീസിന് ലഭിച്ചു. സായുധ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുള്ളതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിനുമുമ്പ് ഇത്തരം ആക്രമണങ്ങളിൽ ഇയാൾക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

ഐ.എസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പിന്നിൽ വേറെയും സംഘങ്ങളുണ്ടാകാമെന്ന അനുമാനത്തിലാണ് ഫ്രാൻസ്. എന്നാൽ മറ്റുസംഘങ്ങൾ ഉൾപ്പെട്ടതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ള ഏഴംഗസംഘത്തെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഫ്രാൻസ്, ബെൽജിയം, ഗ്രീസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണ സംഘം. സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയിക്കുന്നവരെ ബെൽജിയം അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി കൊഇയൻ ഗീൻസ് അറിയിച്ചു. ബെൽജിയം രജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിലാണ് അക്രമികളിൽ ചിലർ വന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ടയാളിൽ നിന്ന് സിറിയൻ പാസ്പോർട്ട് കണ്ടെത്തിയതായി ഗ്രീസ് അന്വേഷണ സംഘവും അറിയിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അഭയാർഥി പ്രതിസന്ധി യൂറോപിൽ വീണ്ടും ചർച്ചയായി. അതിർത്തികളിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്നും കർശന നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഫ്രഞ്ച് വലതുപക്ഷ പാർട്ടിയായ നാഷനൽ ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.