പാരിസ് ഭീകരാക്രമണം: യൂറോപ്യന്‍ രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കി

പാരിസ്: ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും സുരക്ഷ ശക്തമാക്കി. ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ കൊളോസിയം, സെന്‍റ് പീറ്റേഴ്സ് ചത്വരം എന്നിവക്ക് കനത്ത സുരക്ഷയൊരുക്കി. പല യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികളിലെ പരിശോധന പുന$സ്ഥാപിച്ചു. ബെല്‍ജിയം-ഹംഗറി അതിര്‍ത്തിയില്‍ നിര്‍ത്തിവെച്ചിരുന്ന വാഹന പരിശോധന വീണ്ടും ആരംഭിച്ചു. പലയിടത്തും പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന കര്‍ക്കശമാക്കിയത്. പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ജാഗരൂകരായിരിക്കുമെന്ന് ബ്രിട്ടീഷ് ഡിറ്റക്ടിവ് സൂപ്രണ്ട് നിക് മേ വ്യക്തമാക്കി.
ആക്രമണത്തിനു ശേഷം ഫ്രാന്‍സിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഫ്രാന്‍സിലെ മിക്ക വിമാനത്താവളങ്ങളും ആശങ്കയിലാണ്. ഭീഷണിയെതുടര്‍ന്ന് ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഫ്രാന്‍സ് ജെറ്റില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഫ്രാന്‍സിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വിസും മുടക്കംവരാതെ തുടരുമെന്നും എന്നാല്‍, സമയത്തില്‍ മാറ്റമുണ്ടാകുമെന്നും എയര്‍ ഫ്രാന്‍സ് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിലേക്കുള്ള എല്ലാ സര്‍വിസും കനത്ത സുരക്ഷയില്‍ നടത്തുമെന്ന് അമേരിക്കന്‍ വിമാന സര്‍വിസ് കമ്പനികളായ യുനൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്‍െറ പാരിസ്-ഡാളസ് വിമാനം സര്‍വിസ് നടത്തിയിട്ടില്ല.
ഫ്രാന്‍സിന്‍െറ അപേക്ഷ പ്രകാരം ജര്‍മനി അതിര്‍ത്തികളിലെ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍നിന്ന് ജര്‍മനിയിലേക്കുള്ള എല്ലാ ഗതാഗത മാര്‍ഗത്തിലും ശക്തമായ പരിശോധനയാണ് നടക്കുന്നതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ദെ മൈസിരെ പറഞ്ഞു. അതിനിടെ പാരിസിലെ ഭീകരാക്രമണം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയായി. കുടിയേറ്റക്കാരില്‍ ഭീകരര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന് നേരത്തേ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അഭയാര്‍ഥികളുടെ കാര്യത്തില്‍ കര്‍ശനനിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. സ്ഫോടനസ്ഥലത്തുനിന്ന് സിറിയന്‍ പാസ്പോര്‍ട്ട് ലഭിച്ചതുവഴി അഭയാര്‍ഥികളായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രീസ് സ്ഥിരീകരിച്ചു. കൂടാതെ, കൊല്ലപ്പെട്ട തീവ്രവാദികളുടെ വിരലടയാളം  അഭയാര്‍ഥികളുടേതുമായി താരതമ്യം ചെയ്യാമെന്ന് ഗ്രീസിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്ന പോളണ്ടും ചെക്റിപ്പബ്ളിക്കും കടുത്തവിമര്‍ശവുമായി രംഗത്തത്തെി. ഇതോടെ, മൃദുസമീപനം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളും അഭയാര്‍ഥികളുടെ കാര്യത്തില്‍ നിലപാട് ശക്തമാക്കും. എട്ടു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ കടല്‍കടന്ന് യൂറോപ്പില്‍ എത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ ഫ്രഞ്ച് സര്‍ക്കാറും ഉത്തരവാദികളാണെന്ന വാദവുമായി സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് രംഗത്തത്തെിയിരുന്നു. സിറിയന്‍ വിമതരെ സഹായിച്ച ഫ്രഞ്ച് സര്‍ക്കാറിനുള്ള തിരിച്ചടിയാണിതെന്നും അസദ് പറഞ്ഞു.
 ദക്ഷിണ ജര്‍മനിയിലെ ബവേറിയന്‍ ധനമന്ത്രി മാര്‍കസ് സോദെര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വതന്ത്ര സഞ്ചാര നയത്തിനെതിരെ രംഗത്തുവന്നു. അനധികൃത കുടിയേറ്റം തുടരാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. പാരിസ് സംഭവം കാര്യങ്ങള്‍ എല്ലാം മാറ്റിമറിച്ചെന്നും ജര്‍മന്‍ സര്‍ക്കാറിന് അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്നില്ളെങ്കില്‍ ബവേറിയ ആ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ജര്‍മനി-ഓസ്ട്രിയ അതിര്‍ത്തിയില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ സഹിതം ഒരാളെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടാകാമെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.