പാരിസിൽ ഭീകരാക്രമണ നീക്കം തകര്‍ത്തു; വനിതാചാവേർ പൊട്ടിത്തെറിച്ചു

പാരിസ്: പാരിസിലെ വ്യാപാരകേന്ദ്രമായ ലാ ഡിഫന്‍സ് ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്ന ഭീകരസംഘം പൊലീസ് റെയ്ഡില്‍ പിടിയിലായതോടെ മറ്റൊരു ആക്രമണനീക്കം തകര്‍ത്തു. 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍െറ മുഖ്യ ആസൂത്രകര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് വടക്കന്‍ പാരിസിലെ ഫ്ളാറ്റില്‍ ഏഴുപേര്‍ പിടിയിലായത്. റെയ്ഡില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെ 04.20നാണ് (ഇന്ത്യന്‍ സമയം രാവിലെ 8.50) സെന്‍റ് ഡെനിസിലെ ഫ്ളാറ്റില്‍ റെയ്ഡ് തുടങ്ങിയത്. ഈ സമയം ബെല്‍റ്റ് ബോംബ് ധരിച്ച വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. വ്യാപാര കേന്ദ്രമായ ലാ ഡിഫന്‍സ് ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു ഫ്ളാറ്റില്‍ കഴിഞ്ഞ സംഘമെന്ന് ഇന്‍റലിജന്‍റ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍നിന്ന് മൂന്ന് പുരുഷന്മാരെയും സമീപത്തുനിന്ന് ഒരു പുരുഷനെയും സ്ത്രീയെയുമാണ്  അറസ്റ്റ് ചെയ്തത്. ഒരാള്‍ രക്ഷപ്പെട്ടു. ഫ്ളാറ്റിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരു പൊലീസ് നായ ചത്തു. വെള്ളിയാഴ്ചത്തെ ഭീകരാക്രമണത്തിനുശേഷം 150ലേറെ റെയ്ഡുകളാണ് പൊലീസ് നടത്തിയത്. ഭീകരാക്രമണത്തിന്‍െറ മുഖ്യ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന അബ്ദുല്‍ ഹമീദ് അബൂ ഒൗദിനെ ലക്ഷ്യമിട്ടാണ് പൊലീസ് റെയ്ഡ് എന്ന് സൂചനയുണ്ട്. മൊറോക്കന്‍ വംശജനും ബെല്‍ജിയം പൗരനുമായ ഈ 27കാരന്‍ സിറിയയില്‍നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, ഇയാള്‍ ഫ്ളാറ്റില്‍ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
സെന്‍റ് ഡെനിസിലെ റ്യൂ ദി ലാ റിപ്പബ്ളിക് എന്ന തെരുവിലേക്കുള്ള മുഴുവന്‍ പാതകളും അടച്ചായിരുന്നു റെയ്ഡ്. ഭീകരാക്രമണമുണ്ടായ സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയവും ഇതിന് സമീപത്താണ്.
സായുധ പൊലീസിനൊപ്പം പട്ടാളവും റെയ്ഡില്‍ പങ്കെടുത്തു. മാലപ്പടക്കം പോലെ വെടിയൊച്ചയും പൊട്ടിത്തെറിയും കേട്ടതായി പ്രദേശവാസിയായ ബെന്‍സന്‍ ഹൊയ് പറഞ്ഞു. തുടര്‍ച്ചയായി ഒരുമണിക്കൂറോളം വെടിവെപ്പ് നീണ്ടു. മൂന്നാം നിലയിലെ ഫ്ളാറ്റില്‍ അഞ്ച് പേരെങ്കിലുമുണ്ടായിരുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ രാജ്യക്കാര്‍ താമസിക്കുന്ന പ്രദേശമാണ് സെന്‍റ് ഡെനിസ്. ആഫ്രിക്കക്കാരും അള്‍ജീരിയക്കാരും ഇന്ത്യക്കാരും ചൈനക്കാരും തുര്‍ക്കികളുമൊക്കെ ഇവിടെയുണ്ട്. നിയമപരമായ രേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തവരാണ് പലരും.
അതിനിടെ, വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ഒമ്പതാമതൊരാള്‍ കൂടിയുണ്ടായിരുന്നതായി നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറുകളിലും റസ്റ്റാറന്‍റുകളിലും ആക്രമണം നടത്തിയ രണ്ടംഗ സംഘം സഞ്ചരിച്ച കാറില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ആക്രമണത്തിലെ മുഖ്യകണ്ണിയായ സലാഹ് അബ്ദുസ്സലാം മയക്കുമരുന്ന് കൈവശം വെച്ചതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ നെതര്‍ലന്‍ഡ്സില്‍ അറസ്റ്റിലായിരുന്നതായി ഡച്ച് പൊലീസ് അറിയിച്ചു. 70 യൂറോ പിഴ ഈടാക്കി ഇയാളെ വിട്ടയക്കുകയായിരുന്നു.
ബോംബ് ഭീഷണിയത്തെുടര്‍ന്ന് അമേരിക്കയില്‍നിന്ന് പാരിസിലേക്കുള്ള രണ്ട് എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ തിരിച്ചുവിട്ടു. അതേസമയം, വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞു. പരിക്കേറ്റ 221 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതിനിടെ, സിറിയയില്‍ ഐ.എസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍സും റഷ്യയും നടത്തിയ ആക്രമണത്തില്‍ മൂന്നു ദിവസത്തിനിടെ 33 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.