ചരിത്രദൗത്യം പൂര്‍ത്തിയാക്കി ടിം പീക്കും സംഘവും മടങ്ങി

ലണ്ടന്‍: ആറു മാസത്തെ ബഹിരാകാശ വാസം പൂര്‍ത്തിയാക്കി ബ്രിട്ടീഷ് ഗഗനചാരി ടിം പീക്കും സംഘവും ഭൂമിയില്‍ മടങ്ങിയത്തെി. കഴിഞ്ഞ ദിവസം, കസാഖ്സ്താനിലാണ് ഇവര്‍ സോയൂസ് പേടകത്തില്‍ വന്നിറങ്ങിയത്. പീക്കിനു പുറമെ, അമേരിക്കയുടെ തിമോത്തി കോപ്ര, റഷ്യയുടെ യൂറി മെലാന്‍ഷെങ്കോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തലവന്‍ കോപ്രയായിരുന്നുവെങ്കിലും ആറു മാസത്തിനിടെ വാര്‍ത്തയില്‍ ഇടം നേടിയത് ടിം പീക്കായിരുന്നു.

ടിം പീക്ക്
 

ബ്രിട്ടീഷ് ബാനറില്‍ ഹെലന്‍ ഷെര്‍മാനുശേഷം (1991) ആദ്യമായാണ് ഒരാള്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. കൂടാതെ, ആദ്യമായി ‘ബഹിരാകാശ നടത്തം’ ചെയ്ത ബ്രിട്ടീഷുകാരനെന്ന ബഹുമതിയും ഇദ്ദേഹത്തിന് ലഭിച്ചു. ശാസ്ത്രഗവേഷണങ്ങള്‍ക്കുപുറമെ, ജനപ്രിയ ശാസ്ത്രത്തിന്‍െറ ചുവടുപിടിച്ച് പീക്ക് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത്. ലണ്ടന്‍ മാരത്തണിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അദ്ദേഹം ബഹിരാകാശ നിലയത്തില്‍നിന്ന് നിയന്ത്രിക്കാവുന്ന ഒരു റോബോട്ടിനെ കളത്തിലിറക്കിയത് വലിയ വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് രാജ്ഞിക്ക്  ‘സീറോ ഗ്രാവിറ്റിയില്‍’ ജന്മദിനാശംസ നേര്‍ന്നതും  മാധ്യമങ്ങള്‍ ആഘോഷിച്ചു. മൊത്തം 186 ദിവസമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചത്.ഇതില്‍ ബഹിരാകാശ നടത്തത്തിനും മറ്റുമായി (എക്സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റീസ്) നാലു മണിക്കൂര്‍ ചെലവഴിച്ചു. ഇതിനിടെ 3000 തവണ ഭൂമിയെ വലംവെച്ചു.    

തിമോത്തിയുടെ രണ്ടാം യാത്രയായിരുന്നു ഇത്. അദ്ദേഹം മൊത്തം 244 ദിവസം അവിടെ കഴിഞ്ഞിട്ടുണ്ട്. യൂറോ മെലാന്‍ഷെങ്കോ ഇതിനുമുമ്പ് നാലു തവണ ബഹിരാകാശ നിലയം സന്ദര്‍ശിച്ചിട്ടുണ്ട്. മൊത്തം 827 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു. നാസയുടെ ജെഫ് വില്യംസ് ആണ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിന്‍െറ കമാന്‍ഡര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.