തുർക്കി-ഇ.യു അഭയാർഥി കരാർ: നിയമലംഘനമെന്ന് യു.എൻ

അങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയുന്നതിന്‍െറ ഭാഗമായി തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ കരാർ നിയമ ലംഘനമായേക്കാമെന്ന് യു.എൻ. അഭയാർഥി ഏജൻസി യു.എൻ.എച്.സി.ആർ ആണ് കരാറിനെ വിമർശിച്ച് രംഗത്തെത്തിയത്. വിദേശികളെ കൂട്ടത്തോടെ പുറത്താക്കുന്ന ഈ ശ്രമം മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുകയെന്ന് യുറോപിലെ യു.എൻ.സി.എച്.ആർ ഡ‍യറക്ടർ വിൻസന്‍റ് കോഹ്ടെൽ പറഞ്ഞു. മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് വരുന്ന വിദേശികളെ സ്വീകരിക്കുന്ന നടപടി യൂറോപ്യൻ നിയമത്തിലോ അന്തർദേശീയ നിയമത്തിലോ ഉൾപെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ചയാണ് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിൽ ഇക്കാര്യത്തിൽ ധാരണയായത്. ‘വണ്‍ ഇന്‍ വണ്‍ ഒൗട്ട്’ എന്ന കരാര്‍ ചരിത്ര പ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കൽ അഭിപ്രായപ്പെട്ടിരുന്നു.

രേഖകളില്ലാതെ അനധികൃതമായി തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തിരിച്ച് ഏറ്റെടുക്കണമെന്നതാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇപ്രകാരം അഭയാര്‍ഥികളെ സ്വീകരിക്കുന്നപക്ഷം തുര്‍ക്കിയില്‍ നിന്ന് സിറിയന്‍ അഭയാര്‍ഥിയെ യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കും.

നിലവില്‍ 27.5 ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി അഭയം നല്‍കുന്നുണ്ട്. ഇവരിലേറെ പേരും സിറിയയില്‍ നിന്നുള്ളവരാണ്. ഗ്രീസിലെത്തിയ അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെ ഷെങ്കന്‍ തീരത്തേക്ക് ഇ.യു യാത്രാനുമതി നല്‍കും. 2016 ജൂണ്‍ അവസാനത്തോടെയാണ് ഇത് പ്രാബല്യത്തിലാവുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഫണ്ടും അനുവദിക്കും. അതോടൊപ്പം യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതും പരിശോധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.