യു.എന്‍: കശ്മീരിലെ ഉറിയില്‍ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ സഖ്യകക്ഷികളും സമാധാനവും സ്ഥിരതയും നിലനിര്‍ത്തണമെന്നും കൂടുതല്‍ ആളപായമൊഴിവാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്‍റിനും കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിക്കുശേഷം അധ്യക്ഷനായ വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോയും ആക്രമണത്തെ അപലപിച്ചു. ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാലു തീവ്രവാദികളെ സൈന്യം വധിച്ചു.
ഭീകരാക്രമണത്തില്‍ ചൈനയും സൗദിയും ഉത്കണ്ഠ രേഖപ്പെടുത്തി. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും ഭീകരവിരുദ്ധ സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യയോടും പാകിസ്താനോടും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി ലൂ കാങ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ജയ്ശെ മുഹമ്മദാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് ഭയപ്പെടുത്തുന്നതാണ്.
എന്നാല്‍, ചൈന-പാക് സാമ്പത്തിക ഇടനാഴി അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനായി മറ്റു രാജ്യങ്ങള്‍ സഹകരിക്കണമെന്നും ലൂ കാങ് ആവശ്യപ്പെട്ടു.
സൗഹൃദ രാഷ്ട്രമായ ഇന്ത്യയിലുണ്ടായ ആക്രമണത്തെ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സര്‍ക്കാറിനെയും അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.