ലണ്ടൻ: സിറിയയിൽ ബശ്ശാർ അൽ അസദിെൻറ വിജയം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഏഴു വർഷത്തിനിടെ വിപ്ലവാനുകൂലികളായ വിമതരെയും മറ്റു സായുധ വിഭാഗങ്ങളെയും അടിച്ചമർത്തിയാണ് ബശ്ശാർ അധികാരം നിലനിർത്തിയത്. ഇതിനകം യുദ്ധത്തിൽ മൂന്നര ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. എന്നാൽ ബശ്ശാറിെൻറ വിജയത്തിന് കാരണമായത് ക്രൂരവും നിയമവിരുദ്ധവുമായ നിരവധി രാസായുധപ്രയോഗങ്ങളാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ബി.ബി.സി അന്വേഷണം.
രാസായുധപ്രയോഗമെന്ന് ആരോപിക്കപ്പെട്ട 164സംഭവങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ 106 സംഭവങ്ങളും രാസായുധപ്രയോഗമാണെന്ന് വിദഗ്ധസംഘം കണ്ടെത്തി. 2013 സെപ്റ്റംബർ മുതലാണ് ഇത്രയും ആക്രമണങ്ങൾ നടന്നത്. അന്താരാഷ്ട്ര രാസായുധവിരുദ്ധ കരാറിൽ ഒപ്പുവെച്ചശേഷമാണിത്രയും ആക്രമണങ്ങൾ നടത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
തലസ്ഥാനമായ ഡമസ്കസിൽ 2013ൽ അതിഗുരുതര രാസായുധമായ നെർവ് ഏജൻറ് സെറിൻ പ്രയോഗിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെതുടർന്ന് 1,300 ടൺ രാസായുധം നശിപ്പിക്കുമെന്ന് ബശ്ശാർ ഭരണകൂടം അംഗീകരിച്ചു. എന്നാൽ, ഇൗ സംഭവത്തിനുശേഷവും വ്യാപകമായി രാസായുധം വിമതസേനക്കും സിവിലിയന്മാർക്കും എതിരെ പ്രയോഗിച്ചതാണ് ബി.ബി കണ്ടെത്തൽ. ഒരിക്കലും ഇത്തരം ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലെന്നാണ് ബശ്ശാർ അവകാശപ്പെട്ടിരുന്നത്.
മരണത്തിനും ഗുരുതര പരിക്കിനും കാരണമാകുന്ന രാസായുധം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമം നിരോധിച്ചതാണ്. നേരത്തെ, യു.എൻ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 2013നും 2018നും ഇടയിൽ സിറിയയിൽ 37തവണ രാസായുധം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. യു.എൻ കണ്ടെത്തൽ യാഥാർഥ്യത്തിെൻറ അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ബി.ബി.ബിയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം ആക്രമണങ്ങളിൽ ഭൂരിപക്ഷവും പുറംലോകം അറിഞ്ഞിരുന്നില്ലെന്നും റഷ്യയും ബശ്ശാർ സേനയും രഹസ്യമാക്കിവെച്ചതായും റിപ്പോർട്ട് പറയുന്നു. രാസായുധ വിശകലന വിദഗ്ധരുടെ അഭിപ്രായം, ആക്രമണത്തിെൻറ ഇരകളുടെയും സാക്ഷികളുടെയും മൊഴി, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ പരിശോധിച്ചാണ് ബി.ബി.സി സംഘം നിഗമനങ്ങളിലേക്ക് എത്തിച്ചേർന്നത്. ഏറ്റവും കൂടുതൽ രാസായുധാക്രമണങ്ങൾ രാജ്യത്തിെൻറ വടക്ക്-കിഴക്കൻ പ്രവിശ്യയായ ഇദ്ലിബിലാണ്.
വിമത കേന്ദ്രങ്ങളായിരുന്ന ഹമാ, അലപ്പോ, കിഴക്കൻ ഗൂത എന്നിവിടങ്ങളിലും ആക്രമണങ്ങളുണ്ടായി. ഇദ്ലിബിൽ 30, ഹമായിൽ 25, അലപ്പോയിൽ 22എന്നിങ്ങനെയാണ് കണകക്ക്. സിറിയൻ സൈന്യത്തിനു പുറമെ, റഷ്യയുടെ സൈനിക സന്നാഹങ്ങളും ഇത്തരം ആക്രമണങ്ങളിൽ സഹായം ചെയ്തതായാണ് വിലയിരുത്തുന്നത്. 2011ൽ അറബ് വസന്ത കാലത്ത് രൂപപ്പെട്ട ബശ്ശാർ വിരുദ്ധ പ്രക്ഷോഭമാണ് സിറിയയിൽ ആഭ്യന്തരയുദ്ധമായി രൂപാന്തരപ്പെട്ടത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിയ നടപടി പിന്നീട് അന്തരാഷ്ട്ര ഇടപെടലുണ്ടായ യുദ്ധത്തിലേക്ക് മാറുകയായിരുന്നു.
റഷ്യയുടെയും ഇറാെൻറയും പിന്തുണയോടെ ബശ്ശാർ സേന വിജയത്തിന് സമീപത്തെത്തിയായതാണ് സിറിയയിലെ നിലവിലെ അവസ്ഥ. ഇൗ വിജയം അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിച്ച് നടത്തിയ രാസായുധപ്രയോഗത്തിലൂടെയും സിവിലിയൻ കൂട്ടക്കൊലകളിലൂടെയുമാണെന്നാണ് ബി.ബി.സി റിപ്പോർട്ട് തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.