അലപ്പോയില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടി

ഡമസ്കസ്: റഷ്യന്‍ പിന്തുണയോടെ വിമത നിയന്ത്രണത്തിലുള്ള അലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടി. അലപ്പോയിലെ വടക്കന്‍ മേഖലയിലുള്ള സഖൂര്‍, ഹൈദരിയ, ശൈഖ് ഖുദ്ര്‍ എന്നീ മേഖലകള്‍കൂടി തിങ്കളാഴ്ച സിറിയന്‍ സൈന്യം പിടിച്ചെടുത്തു.

അതിനിടെ, കുര്‍ദ് സേനയും വിമതര്‍ക്കെതിരായ നീക്കം ശക്തമാക്കി. അലപ്പോയിലെ ശൈഖ് ഫാരിസ് ജില്ല കുര്‍ദുകള്‍ പിടിച്ചടക്കിയതായി സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. 2012നുശേഷം വിമതര്‍ നേരിടുന്ന ഏറ്റവും കനത്ത തിരിച്ചടിയാണിത്.
ആക്രമണം ശക്തമായതിനെ തുടര്‍ന്ന് മേഖലയില്‍ ജനങ്ങളുടെ പലായനം ശക്തമായിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ നഗരം വിട്ടോടുന്ന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ‘സന’ പുറത്തുവിട്ടു. 1500ഓളം കുടുംബങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പോ നഗരത്തിന്‍െറ പടിഞ്ഞാറുഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് അലപ്പോയില്‍ റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ വിമതര്‍ക്കെതിരായ നടപടി ശക്തമാക്കിയത്. ശനിയാഴ്ച മുതല്‍ ഇതുവരെ അലപ്പോ നഗരത്തിന്‍െറ 30 ശതമാനം ഭാഗം സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
സൈനികനീക്കം ദ്രുതഗതിയിലാണെന്നും വിമതര്‍ക്കെതിരെ ഉടന്‍ അന്ത്യശാസനം പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അനുകൂല പത്രം റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - syria-ISIS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.