പേജർ സ്ഫോടനം ഭീകരാക്രമണമെന്ന് മുൻ സി.ഐ.എ ഡയറക്ടർ: ‘എന്റെ വാക്ക് കുറിച്ചിട്ടോളൂ, ഉടൻ ഇടപെട്ടില്ലെങ്കിൽ ഭാവിയിലെ യുദ്ധക്കളമാകും’

വാഷിങ്ടൺ: ലബനാനിലെ പേജർ സ്ഫോടനം ഭീകരാക്രമണമാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മുൻ ഡയറക്ടർ ലിയോൺ പനേറ്റ. പേജർ, വാക്കി ടോക്കി അക്രമണങ്ങൾ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ലിയോൺ പനേറ്റ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിത്യോപയോഗ വസ്തുക്കൾ ഭീകരാക്രമണത്തിന് ഉപയോഗിച്ചാൽ ജനങ്ങൾക്കിടയിൽ ഭീതി പരക്കു​മെന്നും അടുത്തത് എന്താണ് പൊട്ടിത്തെറിക്കുകയെന്ന സംശയ ദൃഷ്ടിയോടെയാണ് ആളുകൾ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘പേജർ ആക്രമണം ഭീകരാക്രമണമാണെന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ സംവിധാനങ്ങൾ ഈ ആക്രമണത്തെ ഉടൻ തന്നെ ഗൗരവതരത്തിൽ സമീപിച്ചിട്ടില്ലെങ്കിൽ എന്റെ വാക്ക് കുറിച്ചുവെച്ചോളൂ, ഭാവിയിലെ യുദ്ധക്കളമാകും ഇത്’ -അദ്ദേഹം പറഞ്ഞു.

ലബനാനിൽ പേജർ, വാക്കിടോക്കി ആക്രമണത്തിൽ 37 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൊബൈൽ ഫോണുകൾക്ക് പകരം ഹിസ്ബുല്ല അണികൾ വാർത്തവിനിമയത്തിന് ഉപയോഗിച്ച പേജറുകളും വാക്കി ടോക്കികളുമാണ് അടുത്തടുത്ത ദിവസങ്ങളിൽ കൂട്ടമായി പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ ഗസ്സ വംശഹത്യ ആരംഭിച്ചതിനു പിന്നാലെ ലബനാനിൽനിന്ന് ഹിസ്ബുല്ലയും തിരിച്ച് ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലബനാനിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുക്ർ ഉൾപ്പെടെ പ്രമുഖരും കൊല്ലപ്പെട്ടവരിൽ പെടും. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തി മറ്റു സംവിധാനങ്ങളിലേക്ക് മാറാൻ ഹസൻ നസ്റുല്ലയാണ് മാസങ്ങൾക്ക് മുമ്പ് അണികൾക്ക് നിർദേശം നൽകിയത്. 5,000 പേജറുകൾ ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്തു. ഇവയാണ് കൂട്ടമായി ദുരന്തം വിതച്ചത്. 

Tags:    
News Summary - Ex-CIA chief says Lebanon pager attacks a ‘form of terrorism’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.