ട്രംപിന്റെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ് നടത്തിയത് ആണവായുധ രഹസ്യരേഖകൾ തേടി

വാഷിങ്ടൺ: ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ കൈവശമുണ്ടെന്ന വിവരത്തെ തുടർന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ തിരച്ചിൽ നടത്തി. ട്രംപിന്റെ മാർ-എ-ലാഗോ വസതിയിലാണ് റെയ്ഡ് നടന്നത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർന്നിരിക്കാൻ ഇടയുള്ളതായി അധികൃതർ ആശങ്ക രേഖപ്പെടുത്തി.

അതേസമയം, അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ആയുധങ്ങൾ സംബന്ധിച്ചാണോ ഇതിൽ പ്രതിപാദിക്കുന്നതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. രേഖകൾ കണ്ടെത്തിയോ എന്ന് സ്ഥിരീകരിക്കാൻ നീതിന്യായ വകുപ്പും എഫ്ബിഐയും വിസമ്മതിച്ചു. ഇതേക്കുറിച്ച് അഭിപ്രായം തേടി ട്രംപിന്റെ വക്താവിനെ മാധ്യമങ്ങൾ സമീപിച്ചെങ്കിലും പ്രതികരിക്കാൻ വിസമ്മതിച്ചു.

അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു. അതേസമയം, ട്രംപിന്റെ വസതി പരിശോധിക്കാനുള്ള സെർച്ച് വാറന്റിന് കോടതിയുടെ അനുമതി തേടാൻ താൻ അംഗീകാരം നൽകിയിരുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

യു.എസിലെ ആണവായുധ സാമഗ്രികൾ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതേക്കുറിച്ച് അറിയാവുന്നത്. ആയുധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോർന്നാൽ മറ്റുരാജ്യങ്ങൾക്ക് അവയെ പ്രതിരോധിക്കാൻ എളുപ്പമാകുമെന്ന് ഈ രംഗത്തുള്ള വിദഗ്ധരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

എഫ്.ബി.ഐ റെയ്ഡ് നടത്തിയ വിവരം ട്രംപ് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. വീട്ടിലെ അലമാര കുത്തിത്തുറന്നുവെന്നും ട്രംപ് ആരോപിച്ചു. "തനിക്കെതിരേ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിൽ സഹകരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന ഈ റെയ്ഡ് അനാവശ്യമാണ്. അവർ അലമാര തകർത്തു" ട്രംപ് പറഞ്ഞു.

2021ൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നിറങ്ങിയ ട്രംപ് പാം ബീച്ചിലുള്ള ക്ലബ്ബിൽ താമസിച്ചു വരികയായിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് മാറ്റിയ പ്രസിഡൻഷ്യൽ രേഖകൾ കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികാന്വേഷണം നിയമ വകുപ്പ് ഏപ്രിൽ മുതൽ തന്നെ ആരംഭിച്ചിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ട്രംപ് അവിടെ ഉണ്ടായിരുന്നില്ലെന്നും സെർച്ച് വാറന്റ് ഉള്ളതിനാൽ എഫ്.ബി.ഐ ക്ലബ്ബിൽ പ്രവേശിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - FBI search of Trump's Mar-a-Lago related to nuclear documents, sources say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.