കിയവ്: റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്ൻ ജനതയുടെ ഹൃദയഭേദകമായ കാഴ്ചകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. അതിൽ പലതും കാഴ്ചക്കാരുടെ ഉള്ളുലക്കുകയും ചെയ്തു. യുക്രെയ്ൻ സൈന്യത്തിൽ ചേരാനായി വരി നിൽക്കുന്ന 80കാരന്‍റെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
സൈന്യത്തിൽ ചേരാൻ തയാറായി ബാഗുമായി നിൽക്കുന്നയാളെ കുറിച്ച് യുക്രെയ്ൻ മുൻ പ്രസിഡന്‍റ് വിക്ടർ യുഷ്‌ചെങ്കോയുടെ ഭാര്യ കാതറീന യുഷ്‌ചെങ്കോയാണ് ട്വിറ്ററിൽ പോസ്റ്റിട്ടത്. രണ്ട് ടീ ഷർട്ട്, ഒരു ജോടി അധിക പാന്റ്, ടൂത്ത് ബ്രഷ്, കുറച്ച് സാൻഡ്‌വിച്ച് എന്നിവ ബാഗിലാക്കി അദ്ദേഹം തന്റെ കൊച്ചുമക്കൾക്ക് വേണ്ടിയാണ് പോരാടാനൊരുങ്ങുന്നതെന്ന് വ്യക്തമാക്കി.
'പട്ടാളത്തിൽ ചേരാനെത്തിയ ഈ 80 വയസുകാരന്റെ ചിത്രം ആരോ പോസ്റ്റ് ചെയ്തു. രണ്ട് ടീ ഷർട്ട്, ഒരു ജോടി അധിക പാന്റ്, ടൂത്ത് ബ്രഷും ഉച്ചഭക്ഷണത്തിന് കുറച്ച് സാൻഡ്‌വിച്ചുമാണ് ബാഗിലാക്കി കൈയ്യിൽ കരുതിയത്. തന്റെ കൊച്ചുമക്കൾക്ക് വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു'-യുഷ്‌ചെങ്കോ ട്വിറ്ററിൽ എഴുതി.
രണ്ടര ലക്ഷത്തിലേറെ പേരാണ് ട്വീറ്റിന് ലൈക്കടിച്ചത്. 36000 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. വയോധികന്‍റെ രാജ്യസ്നേഹത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. എപ്പോൾ എടുത്തതാണെന്ന് വ്യക്തമല്ലെങ്കിലും റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചതോടെ ചിത്രം വൈറലാകുകയായിരുന്നു.
അതേസമയം യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു.യുക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അമേരിക്കയടക്കം 11 രാഷ്ട്രങ്ങൾ പിന്തുണച്ചു. അതേസമയം ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം തയാറാക്കി സഭയിൽ അവതരിപ്പിച്ചത്. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല. ഇതോടെ പ്രമേയം ഇനി പൊതുസഭയിൽ കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.