ബെയ്ജിങ്: ഇന്ത്യയുമായുള്ള തർക്കത്തിൽ മാലദ്വീപിന് പൂർണ പിന്തുണയുമായി ചൈന. മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്തുന്നത് ശക്തമായി എതിർക്കുന്നുവെന്നും ദ്വീപ് രാഷ്ട്രത്തിന് പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനുള്ള അധികാരത്തെ പിന്തുണക്കുന്നതായും ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സന്ദർശനത്തിനു പിന്നാലെയായിരുന്നു ചൈനയുടെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.
മാലദ്വീപിന്റെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാനുള്ള അവകാശത്തെ ചൈന പിന്തുണക്കുന്നു. വികസനത്തിലേക്കുള്ള മാലദ്വീപിന്റെ യാത്രയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതായും ചൈന പറഞ്ഞു.
ചൈനീസ് ആഭിമുഖ്യം പുലർത്തുന്ന മുയിസു പ്രസിഡന്റായതിനു പിന്നാലെയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിനെതിരെ വിമർശനവുമായി മാലദ്വീപിലെ മന്ത്രിമാർ രംഗത്ത് വന്നത് അസ്വാരസ്യം വർധിപ്പിച്ചു. പ്രധാനമന്ത്രിയെ കോമാളിയെന്നും ഇസ്രായേലിന്റെ കളിപ്പാവയെന്നുമാണ് മാലദ്വീപ് മന്ത്രി പരിഹസിച്ചത്. മാലദ്വീപ് മന്ത്രിയുടെ പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾ കൂട്ടമായി ദ്വീപ് രാഷ്ട്രത്തിനെതിരെ ബഹിഷ്‍കരണ കാമ്പയിനും തുടങ്ങി. പലരും മാലദ്വീപിലേക്കുള്ള വിനോദയാത്ര റദ്ദാക്കി. പ്രതിഷേധം കനത്തതോടെ മന്ത്രിമാർക്ക് താക്കീതുമായി പ്രസിഡന്റ് രംഗത്ത് വരികയും അവരുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സന്ദർശനത്തിന്റെ ഭാഗമായി നടന്ന വാർത്ത സമ്മേളനത്തിൽ ചൈനയുടെ തായ്‍വാൻ നയത്തിന് പൂർണ പിന്തുണയുണ്ടെന്ന് മുയിസു പ്രഖ്യാപിച്ചു. ചൈനയും മാലദ്വീപും 20 കരാറുകളിലും ഒപ്പുവെച്ചു. ജനുവരി എട്ടിനാണ് മുയിസു ചൈനയിലെത്തിയത്. വെള്ളിയാഴ്ച സന്ദർശനം പൂർത്തിയാക്കി മടങ്ങും. വ്യാഴാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായും മുയിസു ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.