വെസ്റ്റ്ബാങ്ക്: ഗസ്സയെ ശ്മശാന ഭൂമിയാക്കി മാറ്റിയ ഇസ്രായേൽ അധിനിവേശ സേന, വെസ്റ്റ് ബാങ്കിലും നരനായാട്ട് തുടരുന്നു. ബൈത്ത് റിമയിൽ ഇന്നലെ 17കാരനെ നിഷ്ഠൂരമായി വെടിവെച്ചുകൊന്നു. രക്ഷിക്കാൻ ശ്രമിച്ച ഒപ്പമുള്ള രണ്ടുപേരെയും ഇസ്രായേൽ സൈനികർ തെരുവിൽ വെടിവെച്ചുവീഴ്ത്തി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം അൽജസീറ ചാനൽ പുറത്തുവിട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബൈത്ത് റിമയിൽ ഉസൈദ് താരിഖ് അനീസ് അൽ-റിമാവി(17) ആണ് കൊല്ലപ്പെട്ടത്. ഉസൈദ് അടക്കം ഏതാനും കുട്ടികളും മുതിർന്നവരും തെരുവിൽ നിൽക്കുമ്പോൾ ഇസ്രായേൽ സൈനികർ വെടിയുതിർക്കുകയായിരുന്നു. പിടഞ്ഞുവീണ ഉസൈദിനെ ഒപ്പമുള്ളവർ എടുക്കാൻ ശ്രമിക്കുന്നതിനിടെ അവരെയും വെടിവെച്ചിട്ടു. പിന്നാലെ, മൂന്ന് കവചിത സൈനികവാഹനം സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
لحظة إطلاق قوات الاحتلال النار على الشهيد أُسيد الريماوي وشابين آخرين حاولوا إسعافه في بلدة بيت ريما شمال غرب رام الله#حرب_غزة #فيديو pic.twitter.com/OKe01HxxBY
— الجزيرة فلسطين (@AJA_Palestine) January 5, 2024
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി അധിനിവേശ വെസ്റ്റ് ബാങ്കിലെ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഇസ്രായേൽ സേന നിരവധി ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി. നബ്‍ലസ്, റമല്ല, ഹെബ്രോൺ തുടങ്ങിയ പ്രദേശങ്ങളിലാണ് അർധരാത്രി ആയുധങ്ങളുമായി വീടുകളിൽ കയറി ആളുകളെ പിടിച്ചുകൊണ്ടുപോയത്.
ഫലസ്തീൻ റെഡ് ക്രസന്റിന്റെ രണ്ട് ആംബുലൻസുകൾക്ക് വെടിയേറ്റതായി റെഡ് ക്രസന്റ് അധികൃതർ പറഞ്ഞു. റബ്ബർ ബുള്ളറ്റുകൾ തറച്ച് ആംബുലൻസിന്റെ ചില്ല് തകരുകയും മെഡിക്കൽ സ്റ്റാഫുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെസ്റ്റ്ബാങ്കിൽ വർഷങ്ങളായി തുടരുന്ന ഇസ്രായേൽ അതിക്രമം ഒക്ടോബർ 7 മുതൽ രൂക്ഷമായിരിക്കുകയാണ്. ഇതിനകം അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 326 ഫലസ്തീനികളെയാണ് ഒക്ടോബർ ഏഴുമുതൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇക്കാലയളവിൽ 5,000-ത്തിലധികം പേരെ പിടിച്ചുകൊണ്ടുപോയി.
അതേസമയം ഗസ്സയിൽ 125 ഫലസ്തീനികളെ ഇന്നലെ മാത്രം ഇസ്രായേൽ കൊലപ്പെടുത്തിയതായി ഐക്യ രാഷ്ട്രസഭ അറിയിച്ചു. 318 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴുമുതൽ ജനുവരി മൂന്നു വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 22,438 ആയി. 57,614 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.