ന്യൂയോർക്ക്: കുട്ടികളുടെ ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ് സ്പോഞ്ച്ബോബ്. ന്യൂയോർക്ക് നഗരത്തിൽ വസിക്കുന്ന നോഹ് എന്ന ബാലനും സ്പോഞ്ച് ബോബിനെ വല്യ ഇഷ്ടമായിരുന്നു. ഇഷ്ടം കൂടി കൂടി ബാലൻ ആമസോൺ വഴി അബദ്ധത്തിൽ ഓർഡർ ചെയ്ത് പോയത് 918 സ്പോഞ്ച്ബോബ് കോലുമിഠായികളാണ്.
918 കോലുമിഠായികൾ അടങ്ങിയ 52 പെട്ടികളാണ് നോഹ് ഓർഡർ ചെയ്തത്. 2618.86 ഡോളർ (1.91ലക്ഷം രൂപ) വില വരുന്ന സാധനങ്ങൾ നോഹിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് എത്തിയത്.
നോഹിന്‍റെ മാതാവായ ജെന്നിഫർ ബ്രയന്‍റ് മകന് അബന്ധം സംഭവിച്ചതാണെന്ന് ആമസോൺ അധികൃതരോട് വിശദീകരിച്ചെങ്കിലും അവർ പെട്ടികൾ തിരിച്ചെടുക്കാനാവില്ലെന്ന് അറിയിച്ചു. ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിലെ സിൽവർ സ്കൂളിൽ സോഷ്യൽ വർക്ക് വിദ്യാർഥിയും മൂന്ന് കുട്ടികളുടെ മാതാവും കൂടിയായ ജെന്നിഫർ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങി.
ഇതോടെ അവർ സർവകലാശാലയുടെ സോഷ്യൽ വർക്ക് ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ഫേസബുക്ക് പേജിൽ സംഭവം വിശദീകരിച്ച് കുറിപ്പെഴുതി. പോസ്റ്റ് ശ്രദ്ധയിൽ പെട്ട സഹപാഠിയായ കാറ്റി സ്കോൾസ് 'ഗോഫണ്ട്മി' വഴി ധനസമാഹരണ കാമ്പയിന് തുടക്കം കുറിച്ചു. നോഹിന്‍റെ കോലുമിഠായിക്കുള്ള തുക 24 മണിക്കൂറിനുള്ളിൽ പരിഞ്ഞുകിട്ടി.
600 പേർ 15,306 ഡോളറാണ് സംഭാവന ചെയ്തത്. നോഹിന്‍റെ അശ്രദ്ധ പക്ഷേ കുടുംബത്തിന് ആശ്വാസമായി മാറി. അധികം ലഭിച്ച തുക ഓട്ടിസം ബാധിച്ച നോഹിന്‍റെ വിദ്യാഭ്യാസത്തിനും മറ്റുമായി ഉപയോഗിക്കുമെന്ന് ബ്രയന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.