പാരിസ്: പാർലമെന്റായ നാഷനൽ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഫ്രാൻസ്. 49.5 ദശലക്ഷം വോട്ടർമാരാണ് 577 അംഗ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രണ്ടാം ഘട്ടം ജൂലൈ ഏഴിനാണ് നടക്കുക. ഈ മാസം ഒമ്പതിന് നടന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനൽ റാലി (എൻ.ആർ) വൻ വിജയം നേടിയതിന് പിന്നാലെയാണ് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പവും വർധിച്ചുവരുന്ന ജീവിതച്ചെലവും കുടിയേറ്റവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം.
യൂറോപ്യൻ സാമ്പത്തിക മേഖലയെയും യുക്രെയിനിനുള്ള പാശ്ചാത്യൻ രാജ്യങ്ങളുടെ പിന്തുണയെയും തെരഞ്ഞെടുപ്പ് ഫലം കാര്യമായി സ്വാധീനിക്കും. പണപ്പെരുപ്പവും നേതൃത്വത്തിലെ പാളിച്ചകളും മാക്രോണിന് വിനയാകുമെന്നാണ് സൂചന. അതേസമയം, കുടിയേറ്റ വിരുദ്ധ നയങ്ങൾ ഉയർത്തിക്കാണിച്ച് ടിക് ടോക് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി തെരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും മരീൻ ലെ പെന്നിന്റെ പാർട്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. നാഷനൽ റാലി ഭൂരിപക്ഷം നേടാൻ സാധ്യതയുണ്ടെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ 28 കാരനായ നാഷനൽ റാലി പ്രസിഡൻറ് ജോർദാൻ ബാർഡെല്ലയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.