തെക്കൻ ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ

റഫയിൽ ആക്രമണം അരുത്​, ബന്ദിമോചനത്തിന് ഏകവഴി ചർച്ച -ഇസ്രായേലിനോട് ഫ്രാൻസ്

പാരീസ്: 15 ലക്ഷത്തോളം ഫലസ്തീനികൾ ടെന്റുകളിൽ തിങ്ങിപ്പാർക്കുന്ന റഫയിൽ സൈനിക നീക്കം നടത്തരുതെന്ന് ഇസ്രായേലിനോട് ഫ്രാൻസ്. ഗസ്സയി​ലെ സാധാരണ ജനങ്ങളുടെ ജീവിതം വിനാശകരമാക്കുന്ന

റഫ ആക്രമണം അവസാനിപ്പിക്കാനും ഗസ്സയുടെ അതിർത്തികൾ തുറക്കാനും വെടിനിർത്തൽ നടപ്പാക്കാനും ഫ്രാൻസ് ഇസ്രായേലിനോട് ആഹ്വാനം ചെയ്തു.

റഫയിൽ ചൊവ്വാഴ്ച ഇസ്രായേൽ തുടങ്ങിയ കരയുദ്ധത്തെ അപലപിച്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം, ഗസ്സയിൽ ഒരിടത്തും സിവിലിയന്മാർക്ക് സുരക്ഷിതമായ ഇടമില്ലെന്ന് ചൂണ്ടിക്കാട്ടി. ബന്ദികളെ മോചിപ്പിക്കണമെങ്കിൽ സാധ്യമായ ഏകമാർഗം ശാശ്വത വെടിനിർത്തൽ മാത്രമാണെന്നും അതിനുള്ള ചർച്ചക്ക് തയാറാവണമെന്നും ഫ്രാൻസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ഗസ്സക്കും ഈജിപ്തിനുമിടയിലുള്ള റഫ അതിർത്തി അടച്ചതിനെതിരെയും ഫ്രാൻസ് രംഗത്തെത്തി. ഫലസ്തീനിലേക്ക് മാനുഷിക സഹായം എത്തിക്കണ​മെങ്കിൽ അതിർത്തി വീണ്ടും തുറക്കണമെന്നും ഗസ്സയിലേക്ക് സഹായവുമായി വരുന്ന വാഹനങ്ങൾക്ക് നേ​​രെ ഇസ്രായേലി കുടിയേറ്റക്കാർ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണ​മെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതിനി​ടെ, കുവൈത്ത് ആശുപത്രിയുടെ പരിസരം ഉൾപ്പെടെ കിഴക്കൻ, മധ്യ റഫയിലെ കൂടുതൽ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 1,50,000 ഫലസ്തീനികൾ റഫയിൽ നിന്ന് ഇതിനകം പലായനം ചെയ്തു. ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം പലകുറി പലയിടങ്ങളിലായി പലായനത്തിന് വിധേയരായ മനുഷ്യരാണ് വീണ്ടും ആട്ടിയോടിക്കപ്പെടുന്നത്. ഏകദേശം 3,00,000 ​പേരെ റഫയിൽനിന്ന് ഒഴിപ്പിച്ചതായി ഇസ്രായേൽ പറയുന്നു.

ഇന്ന് എട്ട് സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടെ 30 ഫലസ്തീനികൾ സെൻട്രൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 35,000ത്തോളം പേർ കൊല്ലപ്പെട്ടു.


Tags:    
News Summary - France calls on Israel to end Rafah operation, open border, return to talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.