പാരീസ്: കുഞ്ഞുങ്ങൾ വിശന്നുമരിക്കുന്ന ഗസ്സയിൽ സഹായ വാഹനമെത്തിയപ്പോൾ ഭക്ഷണമാണെന്നു കരുതി ഓടിയടുത്തവരെ ഇസ്രായേൽ സൈനികർ വെടിവെച്ചുകൊന്നതിനെതിരെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. സംഭവത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച അദ്ദേഹം, ഇസ്രായേലി സൈനികർ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ഗസ്സയിൽ ഇസ്രായേലി സൈനികർ സാധാരണക്കാരെ ലക്ഷ്യമിട്ടുനടത്തിയ അതിക്രമത്തിൽ കടുത്ത രോഷം രേഖപ്പെടുത്തുന്നു. ഈ വെടിവെപ്പിനെ ഞാൻ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമത്തോട് ബഹുമാനവും സത്യസന്ധതയും നീതിയും പുലർത്താൻ ആഹ്വാനം ചെയ്യുന്ന’ -മാക്രോൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഉടനടി വെടിനിർത്തൽ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര അന്വേഷണത്തിനുള്ള ഐക്യരാഷ്ട്രസഭ ആഹ്വാനത്തെ ഫ്രാൻസ് പിന്തുണയ്ക്കന്നതായി ഫ്രാൻസ് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോർൺ പറഞ്ഞു. ‘ഗസ്സയിലെ മാനുഷിക സാഹചര്യം ഇപ്പോൾ വിനാശകരമാണ്. ന്യായീകരിക്കാനാകാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. ഇസ്രായേൽ ആക്രമണം നിർത്തണം’ അദ്ദേഹം പറഞ്ഞു.
അൽ റാശിദ് സ്ട്രീറ്റിലെ നാബിലിസി റൗണ്ടബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 104 പേരാണ് കൊല്ലപ്പെട്ടത്. 700 പേർക്ക് പരിക്കേറ്റിരുന്നു. പരിഭ്രാന്തരായ ജനം ചിതറിയോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും നിരവധിപേർക്കാണ് ഗുരുതര പരിക്കേറ്റത്. മരണ നിരക്ക് ഇനിയും ഉയർന്നേക്കും.
പരിക്കേറ്റവരെ അൽ ശിഫ, കമാൽ അദ്വാൻ, അൽ ഔദ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആവശ്യത്തിന് ഇന്ധനവും മരുന്നുമില്ലാതെ പരിതാപകരമായ അവസ്ഥയിലുള്ള ആശുപത്രികൾ പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ വീർപ്പുമുട്ടുകയാണ്. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയും അറബ് ലീഗും ഉടൻ വിളിച്ചുചേർത്ത് ഇസ്രായേലിനോട് കൂട്ടക്കൊല നിർത്താൻ ആവശ്യപ്പെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളുടെ ഇടപെടലും തേടി. ഇസ്രായേൽ വെടിവെപ്പ് കിരാതമെന്ന് ജോർഡനും മനുഷ്യത്വരഹിതമായ കുറ്റകൃത്യമെന്ന് ഈജിപ്തും വിശേഷിപ്പിച്ചു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും കൂട്ടക്കൊലയെ അപലപിച്ചു.
അതിദാരുണമായ യുദ്ധക്കുറ്റവും വംശഹത്യയുമെന്ന് സംഭവത്തെ വിശേഷിപ്പിച്ച ഹമാസ് നേതൃത്വത്തിലുള്ള ഗസ്സ ഭരണകൂടം, അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ഫ്രാൻസിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ സംയുക്തമായി അപലപിച്ചിരുന്നു. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത ഇരുരാഷ്ട്ര നേതാക്കളും ഗസ്സയിലേക്ക് 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കാൻ തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായമെത്തിക്കാൻ ഗസ്സയുടെ വടക്കൻ അതിർത്തികൾ ഉൾപ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.