മെൽബൺ: ഇന്ത്യ സമ്മാനിച്ച മഹാത്മാഗാന്ധിയുടെ ജീവസുറ്റ വെങ്കല പ്രതിമ നശിപ്പിച്ചത് രാജ്യത്തിന് അപമാനകരമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ഇന്ത്യൻ-ആസ്‌ട്രേലിയൻ സമൂഹത്തിൽ ഞെട്ടലും നിരാശയും സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യൻ കോൺസൽ ജനറൽ രാജ് കുമാറും മറ്റ് ആസ്‌ട്രേലിയൻ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി മോറിസൺ വെള്ളിയാഴ്ചയാണ് റോവില്ലിലെ ആസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിൽ പ്രതിമ അനാച്ഛാദനം ചെയ്‌തത്. മണിക്കൂറുകൾക്ക് ശേഷമാണ് ഇത് തകർക്കപ്പെട്ടതെന്ന് 'ദ ഏജ്' പത്രം റിപ്പോർട്ട് ചെയ്തു.
'ഇത്തരത്തിലുള്ള അനാദരവ് കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്'-മോറിസൺ ഞായറാഴ്ച പറഞ്ഞു.
രാജ്യത്ത് സാംസ്കാരിക സ്മാരകങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായവർ ആസ്‌ട്രേലിയൻ ഇന്ത്യൻ സമൂഹത്തോട് വലിയ അനാദരവ് കാണിച്ചു. അവർ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ അനാച്ഛാദനം ചെയ്തതിന് തൊട്ടു പിന്നാലെ അജ്ഞാതരായ കുറച്ചുപേർ ആയുധങ്ങൾ ഉപയോഗിച്ച് പ്രതിമയുടെ ശിരഛേദം ചെയ്തതായി എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.