ഗസ്സയിൽ 8,000 പേരെ കാണാനില്ല; ദുരിതമായി പകർച്ച വ്യാധിയും

ഗസ്സ സിറ്റി: വീടുകളും കെട്ടിടങ്ങളും മുച്ചൂടും നശിപ്പിച്ച ഇസ്രായേൽ കുടിലതക്കി​ടെ ഗസ്സയിൽ 8,000 പേരെ കാണാതായതായി ഗസ്സ സിവിൽ ഡിഫൻസ് സപ്ലൈ ഡയറക്ടർ മുഹമ്മദ് അൽ മുഗൈർ. കാണാതായവരിൽ ഭൂരിഭാഗവും ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയുടെ വടക്കൻ, തെക്ക് മേഖലകളിലാണ് ഏറ്റവും കൂടുതൽ ആളുകളെ കാണാതായതെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അൽ മുഗൈർ പറഞ്ഞു. ജീവൻ രക്ഷിക്കാൻ സിവിൽ ഡിഫൻസിന് ആവശ്യത്തിനുള്ള വാഹനങ്ങൾ ഇല്ലെന്നും ഇസ്രായേൽ ആക്രമണത്തിൽ നിരവധി തങ്ങളുടെ വാഹനങ്ങളാണ് തകർന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടിയൊഴിപ്പിക്കപ്പെട്ട 19 ലക്ഷം പേർ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗസ്സയിലെ അഭയാർഥി കേന്ദ്രങ്ങളിൽ മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധിയും മഴയും ദുരിതം വർധിപ്പിക്കുന്നുണ്ടെന്നും അൽ മുഗൈർ പറഞ്ഞു. ഇവിടെ 3,60,000 പേർക്ക് വിവിധ സാംക്രമിക രോഗങ്ങൾ കണ്ടെത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ മെനിഞ്ചൈറ്റിസ്, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം, ശ്വാസകോശ അണുബാധ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യുഎൻ ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. ഇവിടെ സേവനങ്ങൾ പരിമിതമാണെങ്കിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഗസ്സയുടെ വടക്ക് ഭാഗത്ത് ഒരേ ഒരു ആശുപത്രി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അതും ഭാഗികമായാണ് പ്രവർത്തനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ആശുപത്രികൾക്ക് ഉൾക്കൊള്ളാവരുന്നതിന്റെ ഇരട്ടിയിലേറെയാണ് രോഗികളുടെ എണ്ണം. ഇൻപേഷ്യന്റ് വിഭാഗത്തിൽ 206 ശതമാനവും തീവ്രപരിചരണ വിഭാഗങ്ങളിൽ 250 ശതമാനവും അധികം രോഗികൾ ചികിത്സക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രി ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം കൈയടക്കി. ആശുപത്രി ഡയറക്ടറെയും 70 മെഡിക്കൽ സ്റ്റാഫിനെയും പിടിച്ചുകൊണ്ടുപോയ ഇസ്രായേൽ അധിനിവേശ സേന, അവരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഖാൻ യൂനിസിലെ നാസർ, അൽ അമാൽ ആശുപത്രികൾക്ക് സമീപം ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു.

Tags:    
News Summary - Gaza civil defence official says 8,000 missing amid Israeli bombings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.