ഗസ്സ സിറ്റി: ഗസ്സ അധിനിവേശത്തിന് ഒരു വർഷം തികയാനിരിക്കെ മേഖല വിശാല യുദ്ധത്തിനരികെയെന്ന് ആശങ്ക. വെടിനിർത്തലിന്റെ ചെറിയ ഇടവേളയൊഴികെ ഒരു ദിവസവും നിർത്താതെ ഗസ്സയിൽ തുടർന്ന കുരുതിക്ക് ലബനാനിലും സമാനതകൾ കണ്ടുതുടങ്ങിയതിനിടെയാണ് ഇറാൻ നേരിട്ട് സംഘർഷത്തിന്റെ ഭാഗമാകുന്നത്. ഇറാനെതിരെ ഇസ്രായേലിനെ സഹായിക്കുമെന്ന് യു.എസ് പരസ്യ പ്രഖ്യാപനം നടത്തിക്കഴിഞ്ഞതോടെ എത്രത്തോളമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഏതുതരം തിരിച്ചടിക്കും നെതന്യാഹുവിന് യു.എസ് പിന്തുണയും അനുഗ്രഹാശിസ്സുകളുമുണ്ടാകുമെന്നുറപ്പ്. ഇസ്രായേലിലെ മിസൈൽ ആക്രമണത്തിന് ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇസ്രായേലുമായി ചർച്ചകൾ തുടരുകയാണെന്നും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചയുടൻ നെതന്യാഹു വിളിച്ചുചേർത്ത ഇസ്രായേൽ സുരക്ഷാമന്ത്രിസഭ തിരിച്ചടി യു.എസുമായി ചർച്ച നടത്തിയ ശേഷം മതിയെന്ന് തീരുമാനിച്ചിരുന്നു. മേഖലയിലെ യു.എസ് സൈനിക ആസ്ഥാനമായ സെൻട്രൽ കമാൻഡുമായി ചേർന്നാകും ആക്രമണമെന്നായിരുന്നു വിശദീകരണം. ഇറാൻ വലിയ തെറ്റു ചെയ്തെന്നും അതിന് അവർ വിലയൊടുക്കേണ്ടിവരുമെന്നുമായിരുന്നു യോഗത്തിൽ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഇറാന്റെ എണ്ണ ഉൽപാദനം താളം തെറ്റിക്കുന്ന ആക്രമണം നടത്തണമെന്ന ആവശ്യവുമായി യു.എസിലെ സാമാജികർ രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ എണ്ണ സംസ്കരണ ശേഷി നശിപ്പിക്കുംവിധം ഇസ്രായേലുമായി ചേർന്ന് ആക്രമണം നടത്താൻ പ്രമുഖ സെനറ്റർ ലിൻഡ്സെ ഗ്രഹാം ബൈഡനോട് ആവശ്യപ്പെട്ടു.
തെഹ്റാൻ: ചൊവ്വാഴ്ച ഇസ്രായേലിനുനേരെ ബാലിസ്റ്റിക് മിസൈൽ വർഷം നടത്തിയ ഇറാന്റെ ആയുധശേഷിയെക്കുറിച്ച ചർച്ചകളും യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ സജീവമായിരിക്കുകയാണ്.
കഴിഞ്ഞ വർഷം സി.എൻ.എൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇറാന്റെ കൈവശം മൂവായിരം ബാലിസ്റ്റിക് മിസൈലുകളെങ്കിലുമുണ്ട്. കഴിഞ്ഞദിവസം ശഹാബ്-3 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തതെന്നാണ് വിവരം.
1600 കിലോമീറ്റർ അകലെ വരെ ലക്ഷ്യം കൈവരിക്കാൻ കഴിയുന്ന ഈ മിസൈലിന്റെ ആദ്യരൂപം 15 വർഷം മുമ്പെങ്കിലും ഇറാൻ വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇക്കുറി ഡ്രോൺ മാറ്റി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയായിരുന്നു. ഇസ്രായേലിന്റെ അയേൺ ഡോം അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ പ്രാപ്തിയുള്ളതാണ് ബാലിസ്റ്റിക് മിസൈലുകൾ.
ശഹാബിന് പുറമെ, ഇസ്രായേലിൽ ആക്രമണം നടത്താൻശേഷിയുള്ള എട്ട് ഇനം ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഇറാൻ വികസിപ്പിച്ചിട്ടുണ്ട്. സിജിൽ, ഖൈബർ, ഹജ്ജ് ഖാസിം എന്നിവയാണ് അതിൽ ചിലത്. ഇതിൽ ‘ഖൈബർ’ 2000 കി.മീറ്റർ വരെ ലക്ഷ്യം കാണാൻ കഴിയൂം. സിജിൽ ബാലിസ്റ്റിസ് മിസൈലിന് 2500 കി.മീറ്റർ അകലെയുള്ള ശത്രുവിനെയും ലക്ഷ്യമിടാനാകും.
ഇതെല്ലാം ആഭ്യന്തര വിഭവങ്ങൾ ഉപയോഗപ്പെടുത്തി വികസപ്പിച്ചതാണെന്നതാണ് ശ്രദ്ധേയം. ദശകങ്ങളായുള്ള അന്താരാഷ്ട്ര ഉപരോധത്തെ മറികടന്ന് ഇസ്ഫഹാൻ കേന്ദ്രീകരിച്ച് ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ ഗവേഷണങ്ങൾ ഫലം കണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഇറാന്റെ പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. ഏപ്രിലിൽ ഇസ്രായേൽ ഇസ്ഫഹാനിൽ നടത്തിയ വ്യോമാക്രമണങ്ങൾ ഇത് തകർക്കാനായിരുന്നുവെന്നാണ് വലിയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.