ഗസ്സ സിറ്റി: ‘‘ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു, പരിക്കേറ്റവർക്ക് ചികിത്സ ലഭിക്കുന്നില്ല. പൊള്ളലേറ്റ കുഞ്ഞുങ്ങൾക്ക് വേദനസംഹാരികളില്ല. തീർത്തും അടിയന്തരഘട്ടമാണിത്’’ -ഗസ്സയിലേക്കുള്ള അടിയന്തര സഹായം അതിർത്തികടന്ന് നിർബന്ധമായും എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി, ലോകാരോഗ്യസംഘടന വക്താവ് മാർഗരറ്റ് ഹാരിസിന്റെ മുന്നറിയിപ്പ്.
അന്താരാഷ്ട്ര മാനുഷികനിയമങ്ങൾ ലംഘിച്ചും ലോകത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഗസ്സയിൽ മരണംവിതക്കുകയാണ് ഇസ്രായേൽ. സഹായമെത്തിക്കുന്നതിന് റഫ അതിർത്തി ക്രോസ് തുറക്കാൻ ഈജിപ്ത് തയാറാണെങ്കിലും ക്രോസിങ് കടന്ന് ഗസ്സയിലേക്കെത്താൻ ഇസ്രായേലാണ് അനുവദിക്കേണ്ടതെന്നും അത് ഇതുവരെ ഉണ്ടായില്ലെന്നും മാർഗരറ്റ് കൂട്ടിച്ചേർത്തു. ഗസ്സയിൽ ജോർഡൻ നടത്തുന്ന ആശുപത്രി, ഇസ്രായേൽ ആക്രമണം കാരണം സേവനം അവസാനിപ്പിച്ചു. ആയിരത്തിലേറെ പേർക്ക് ദിവസവും വൈദ്യസഹായം നൽകിവന്ന ഫീൽഡ് ആശുപത്രി, 2009ൽ ജോർഡൻ സൈന്യം സ്ഥാപിച്ചതാണിത്. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലു മണിക്കകം ഒഴിഞ്ഞുപോകാൻ ഗസ്സ സിറ്റിയിലെ റെഡ് ക്രസന്റ് ആശുപത്രിയോട് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിക്കേറ്റവർക്കും രോഗികൾക്കും സേവനം നൽകലാണ് തങ്ങളുടെ കർത്തവ്യമെന്നും ഇപ്പോൾ ഒഴിഞ്ഞുപോകാൻ കഴിയില്ലെന്നും റെഡ് ക്രസന്റ് പ്രതികരിച്ചു. തുർക്കിയയിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും രണ്ടു സഹായ വിമാനങ്ങൾ ഗസ്സക്കടുത്ത, ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിൽ എത്തിയെങ്കിലും ഇസ്രായേൽ ഉപരോധം കാരണം വിതരണം ചെയ്യാനാകുന്നില്ല.
ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ബോംബിങ്ങിൽ ഒമ്പത് ഇസ്രായേൽ തടവുകാർ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് പറഞ്ഞു. 13 പേർ കൊല്ലപ്പെട്ടതായി സംഘടന വെള്ളിയാഴ്ച അറിയിച്ചിരുന്നു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇതുവരെയായി 50 ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇവിടെ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനുപേരെ ഇസ്രായേൽ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.