യാത്രക്കിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; യാത്രികനെ കീഴടക്കി ജീവനക്കാരും യാത്രക്കാരും

ടെക്സസ് (യു.എസ്.എ): യാത്രക്കിടെ ടെക്‌സസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി പടർത്തി.

കനേഡിയൻ പൗരനായ ഇയാൾ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മിൽവാക്കിയിൽ നിന്ന് പുറപ്പെട്ടപ്പോൾ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ സമീപിച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് അയാൾ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡാളസ് ഫോർട്ട് വർത്ത് ഇന്റർറർനാഷനൽ എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. ഡഫ് മക്ക്രൈറ്റ് എന്ന യാത്രക്കാരനാണ് ജീവനക്കാരുടെ കൂടെ അക്രമിയെ കീഴടക്കാൻ മുന്നിട്ടിറങ്ങിയതെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സേഫ്റ്റി ടാപ്പു കൊണ്ട് യാത്രാവസാനം വരെ ഇയാളെ യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ബന്ധനത്തിലാക്കി നിർത്തുകയായിരുന്നു. പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും എയർപോർട്ട് പോലീസും എഫ്.ബി.ഐയും മാനസികാരോഗ്യ നില പരിശോധിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

‘തങ്ങളുടെ ഉപഭോക്താക്കളുടെയും അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണന, ബുദ്ധിമുട്ടുള്ള സാഹചര്യം കൈകാര്യം ചെയ്തതിന് ടീം അംഗങ്ങൾക്കും ഉപഭോക്താക്കൾക്കും നന്ദി പറയുന്നു’, അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Attempting to open an aircraft door during travel; Crew and passengers overpowered the passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.