ബെയ്റൂത്ത്: വെടിനിർത്തൽ കരാർ ചർച്ചകൾ നടക്കുന്നതിനിടെ ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. തെക്കൻ, കിഴക്കൻ ലബനാനിലാണ് ആക്രമണങ്ങൾ നടന്നത്. കിഴക്കൻ ലബനീസ് ഗവർണറേറ്റായ ബാൽബേക്ക്-ഹെർമെലിൽ നടന്ന ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ എട്ട് പേർ നാബി ചിറ്റിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിന് നേരെ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹെർമലിലാണ് മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടത്.
ഇതുകൂടാതെ കിഴക്കൻ ലബനാനിൽ നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മരേക്ക് ഗ്രാമത്തിൽ മൂന്ന് പേരും ഐൻ ബാലിൽ രണ്ടും ഗാസിയേഹിൽ 10 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ടയറിയിൽ നടന്ന വ്യോമാക്രമണത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ലബനാനിൽ വെടിനിർത്തൽ സംബന്ധിച്ച് ചർച്ച നടത്താനായി ഇസ്രായേലിന്റെ നിർണായക മന്ത്രിസഭ യോഗം ഇന്ന് നടക്കും. 60 ദിവസത്തെ വെടനിർത്തൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇതോടെ ലബനാനിൽ ഹിസ്ബുല്ലയുമായി ഒരു വർഷമായി നടക്കുന്ന യുദ്ധത്തിൽ താൽക്കാലിക ഇടവേളയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിലുള്ള പൂർണ്ണ അന്ത്യമല്ല ഇതെന്നും ഇസ്രായേൽ വിശദീകരിച്ചിട്ടുണ്ട്. എത്രകാലം വെടിനിർത്തൽ ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
വെടിനിർത്തൽ കരാറിനെ കുറിച്ച് ലബനാനും പ്രതികരിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ വെടിനിർത്തലിൽ തീരുമാനമുണ്ടാകുമെന്നാണ് ലബനാന്റെ പ്രതികരണം. വെടിനിർത്തൽ കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോൺ കിർബി പറഞ്ഞു.
ഒക്ടോബർ എട്ട് മുതൽ ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള സൈന്യം ഇസ്രായേലിനെതിരെ ആക്രമണം നടത്തുകയാണ്. ഇസ്രായേലി സമൂഹത്തിനെതിരെയും മിലിറ്ററി പോസ്റ്റുകൾക്കുമെതിരെയാണ് അവരുടെ ആക്രമണം. ഗസ്സയിലെ യുദ്ധത്തെ പിന്തുണച്ചാണ് ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.