ബെര്‍ലിന്‍: ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്കുപോയ പൗരന്മാരായ 37 കുട്ടികളെയും 11 സ്ത്രീകളെയും രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നതായി ജര്‍മനിയും ഡെന്മാര്‍ക്കും അറിയിച്ചു. ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷനിലൂടെയാണ് ഇത് സാധ്യമായത്.
23 കുട്ടികളെയും എട്ട് സ്ത്രീകളെയും രാജ്യത്തേക്ക് തിരിച്ചെത്തിച്ചതായി ജര്‍മനി വ്യക്തമാക്കി. മൂന്നു സ്ത്രീകളെയും 14 കുട്ടികളെയുമാണ് ഡെന്മാര്‍ക്ക് സിറിയയില്‍നിന്ന് അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്.
വടക്കന്‍ സിറിയയിലെ ഒരു ഐ.എസ് ക്യാമ്പില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തി തിരികെയെത്തിച്ചതെന്ന് ജര്‍മൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരിച്ചെത്തിയ സ്ത്രീകള്‍ കസ്റ്റഡിയിലായിരുന്നെന്നും അന്വേഷണത്തിന് കീഴിലായിരുന്നെന്നും ജര്‍മൻ വിദേശകാര്യ മന്ത്രി ഹെയ്‌കൊ മാസ് പറഞ്ഞു.
വടക്കന്‍ സിറിയയിലെ കുര്‍ദിഷ് ക്യാമ്പുകളില്‍ ഐ.എസില്‍ ചേര്‍ന്ന യൂറോപ്പില്‍നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഉണ്ടെന്നും മാസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ ഫിന്‍ലന്‍ഡിനൊപ്പം നടത്തിയ ഓപറേഷനിലൂടെ ഐ.എസില്‍ ചേര്‍ന്ന 18 കുട്ടികളെയും അഞ്ചു സ്ത്രീകളെയും ജര്‍മനി സിറിയയില്‍നിന്ന് തിരിച്ചെത്തിച്ചിരുന്നു. ജൂലൈയില്‍ ബെല്‍ജിയവും 10 കുട്ടികളെയും ആറ് അമ്മമാരെയും രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.