ബെർലിൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ച് മണിക്കൂറുകൾക്കുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ രാഷ്ട്രീയ അരാജകത്വത്തിനിടയാക്കി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ധനമന്ത്രിയെ പുറത്താക്കി. പെട്ടെന്നുള്ള തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയേക്കാവുന്ന പുറത്താക്കലോടെ ജർമനിയിലെ ഭരണസഖ്യം തകർച്ചയുടെ വക്കിൽ.
ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയുടെ ധനമന്ത്രിയായ ക്രിസ്റ്റ്യൻ ലിൻഡ്നറെ പുറത്താക്കിയശേഷം ഷോൾസ് തന്റെ സോഷ്യൽ ഡെമോക്രാറ്റ് ആന്‍റ് ഗ്രീൻസ് പാർട്ടിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാറിനെ നയിക്കുമെന്ന് കരുതുന്നു. എന്നാൽ, നിയമനിർമാണം നടത്താൻ അദ്ദേഹത്തിന് പാർലമെന്‍റിലെ ഭൂരിപക്ഷത്തെ ആശ്രയിക്കേണ്ടി വരും. ജനുവരി 15ന് പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഷോൾസ് തീരുമാനിച്ചു. അതിൽ പരാജയപ്പെടുന്നപക്ഷം മാർച്ച് അവസാനത്തോടെ രാജ്യത്ത് അപ്രതീക്ഷിത തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.
ബജറ്റ് നയത്തെയും ജർമനിയുടെ സാമ്പത്തിക ദിശയെയും കുറിച്ചുള്ള മാസങ്ങൾ നീണ്ട തർക്കത്തിനിടെ സർക്കാരിന്റെ ജനപ്രീതി കുറയുകയും തീവ്ര വലതുപക്ഷ-ഇടതുപക്ഷ ശക്തികൾ ഉയർന്നുവരികയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ബജറ്റ് തർക്കങ്ങളിൽ തടസ്സമുണ്ടാക്കുന്ന പെരുമാറ്റത്തിന് ലിൻഡ്നറെ പുറത്താക്കിയതായി ഷോൾസ് പറഞ്ഞു. മന്ത്രി വ്യാജമായ കാരണങ്ങളാൽ നിയമനിർമാണം തടയുന്നതായും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷപാർട്ടിയായ യാഥാസ്ഥിതികരുടെ നേതാവായ ഫ്രെഡ്രിക് മെർസിനോട് ബജറ്റ് പാസാക്കുന്നതിനും സൈനിക ചെലവ് വർധിപ്പിക്കുന്നതിനും പിന്തുണ തേടുമെന്ന് ഷോൾസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ മെർസ് ഇതിനോട് പ്രതികരിക്കും.
യു.എസ് പ്രസിഡന്‍റായി റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ. വളർച്ചയില്ലാത്ത സമ്പദ്‌വ്യവസ്ഥയും പഴകിയ അടിസ്ഥാന സൗകര്യങ്ങളും സുസജ്ജമല്ലാത്ത സൈന്യവുമെല്ലാം ചേർന്ന് ജർമനിയിൽ മുഖ്യധാരാ പാർട്ടികളോടുള്ള വിയോജിപ്പിന് ആക്കം കൂട്ടുകയും പുതിയ ജനകീയ പ്രസ്ഥാനങ്ങൾക്ക് പിന്തുണയേറ്റുകയും ചെയ്തു.
2022ലെ ഉക്രെയ്ൻ അധിനിവേശത്തിനുശേഷം റഷ്യയിൽ നിന്നുള്ള വിലകുറഞ്ഞ ഇന്ധനം നിലച്ചതോടെ പ്രതിസന്ധി നേരിടുന്ന യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമനിയെ എങ്ങനെ മികച്ച രീതിയിൽ രക്ഷിക്കാമെന്നതിനെച്ചൊല്ലി ഭരണസഖ്യം ഭിന്നതയിലാണ്. ഇതിനുള്ള ഉത്തരമായി പൊതുചെലവ് വെട്ടിക്കുറക്കൽ, കുറഞ്ഞ നികുതികൾ, കുറഞ്ഞ നിയന്ത്രണം എന്നിവ നിർദേശിച്ചിരുന്നു. കാർബൺ ന്യൂട്രൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ജർമനിയുടെ മാറ്റത്തെ മന്ദഗതിയിലാക്കാനും ലക്ഷ്യമിട്ടിരുന്നു.
ഈ വർഷത്തെ അപ്രതീക്ഷിത തെരഞ്ഞെടുപ്പിനുശേഷം ഫ്രാൻസും രാഷ്ട്രീയ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. യുക്രെയ്നിലെ റഷ്യയുടെ യുദ്ധവുമായും നാറ്റോ സഖ്യത്തിന്റെ ഭാവിയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഐക്യം രൂപീകരിക്കാൻ യൂറോപ്പ് ശ്രമിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളിലെ പ്രക്ഷുബ്ധത യൂറോപിന്റെ ഏകീകരണത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.