ഗസ്സ സിറ്റി: യു.എസ് അവതരിപ്പിച്ച പുതുക്കിയ വെടിനിർത്തൽ കരാറിന് ഹമാസ് അംഗീകാരം നൽകിയെന്ന റിപ്പോർട്ടുകളെ തുടർന്ന് വീണ്ടും പ്രതീക്ഷ. സ്ഥിരം യുദ്ധവിരാമമില്ലാതെ ഏതുതരം വെടിനിർത്തൽ കരാറിനുമില്ലെന്ന നിലപാട് ഹമാസ് ഉപേക്ഷിച്ചതായി സംഘടന പ്രതിനിധികളും ഈജിപ്ത് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഗസ്സയിൽ വെടിനിർത്തലിനായി യു.എസ് കാർമികത്വത്തിൽ അടുത്തിടെ നീക്കങ്ങൾ വീണ്ടും സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയാറാകുന്നത്. ഗസ്സയിൽ വെടിനിർത്തിയാൽ ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ലബനാൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളായുള്ള കരാർ പ്രകാരം ആറാഴ്ചത്തെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. സ്ത്രീകളും മുതിർന്നവരം കുട്ടികളും പരിക്കേറ്റവരുമാണ് വിട്ടയക്കപ്പെടുന്ന ഇസ്രായേലി ബന്ദികളിൽ ആദ്യം ഉൾപ്പെടുക. പകരം നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറും. ഈ ഘട്ടത്തിൽ ഗസ്സയിലെ പട്ടണങ്ങളിൽനിന്ന് ഇസ്രായേൽ സേന പിന്മാറും. മാത്രമല്ല, പലായനം ചെയ്തവരെ ഉത്തര ഗസ്സയിലേക്ക് തിരിച്ചുവരാനും അനുവദിക്കും. സൈനികരും സാധാരണക്കാരുമായ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കലാണ് രണ്ടാം ഘട്ടത്തിലെ പ്രധാന നിബന്ധന. പകരം കൂടുതൽ ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. മൂന്നാം ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹങ്ങളും സൈനികരടക്കം അവശേഷിക്കുന്ന ബന്ദികളെയും തിരികെ കൊണ്ടുവരുകയും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗസ്സ പുനർനിർമാണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും.
ഫലസ്തീനെതിരായ ആക്രമണം പൂർണമായും അവസാനിപ്പിക്കുമെന്ന ഇസ്രായേലിന്റെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഹമാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട്. അതിനിടെ, ഗസ്സയിലുടനീളം ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 24 മണിക്കൂറിനിടെ അഞ്ച് മാധ്യമപ്രവർത്തകരടക്കം 29 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നുസൈറാത്തിൽ സ്കൂളിനു മേൽ ബോംബുവർഷത്തിലാണ് 13 മരണം. ഇവരിൽ ഏറെയും കുട്ടികളാണ്.
ഗസ്സ: വെടിനിർത്തൽ ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇരുവിഭാഗങ്ങൾക്കിടയിലും ചില ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഹമാസ് അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ പ്രസ്താവന. ചർച്ചകൾക്കുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഇസ്രായേലിന്റെ ഔദ്യോഗിക നിലപാട് അറിയില്ലെന്നും ഹമാസ് അറിയിച്ചിരുന്നു.
ഗസ്സ: 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ അഞ്ച് ഫലസ്തീനി മാധ്യമപ്രവർത്തകരടക്കം 29 പേർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തക ദമ്പതികളായ അംജദ് ജഹ്ജൂഹും വഫ അബ്ദു ദബാനും കുഞ്ഞും കൊല്ലപ്പെട്ടു. ഗസ്സ നഗരത്തിലെ ദറജിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകരായ സാദി മദൂഖ്, അഹമ്മദ് സുക്കാർ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽതന്നെയാണ് അഞ്ചാമത്തെ മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടത്. ഇതോടെ ഫലസ്തീനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 158 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.