ഗസ്സ: ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഏഴു ബന്ദികളും അവരുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന പോരാളികളും കൊല്ലപ്പെട്ടതായി ഹമാസ്. തങ്ങളുടെ പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ അന്വേഷണങ്ങൾക്ക് ശേഷമാണ് കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ചൈം ഗെർഷോൺ പെരി (79), യോറം ഇറ്റാക് മെറ്റ്‌സ്‌ഗർ (80), അമിറാം ഇസ്രായേൽ കൂപ്പർ (85) എന്നിവരുടെ പേരുവിവരങ്ങൾ ഹമാസ് പുറത്തുവിട്ടു. ബാക്കിയുള്ള നാലുപേരുടെ പേരുകൾ പിന്നീട് വെളിപെപടുത്തും. ഒക്‌ടോബർ ഏഴിന് കിബ്ബട്ട്‌സ് നിർ ഓസിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദികളാക്കിയത്.
എപ്പോഴാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനുമുമ്പും നിരവധി ബന്ദികൾ കൊല്ലപ്പെട്ടിരുന്നു. മൂന്നുബന്ദികളെ ഇസ്രായേൽ സേന നേരിട്ടുള്ള വെടിവെപ്പിലാണ് കൊലപ്പെടുത്തിയത്.
“നിരവധി ബന്ദികളുടെ സംരക്ഷണച്ചുമതലയുള്ള പോരാളികളുമായി ഞങ്ങൾക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് ഞങ്ങൾ നടത്തിയ പരിശോധനയിലും അന്വേഷണത്തിലും സയണിസ്റ്റ് ബോംബാക്രമണത്തിൽ ഞങ്ങളുടെ നിരവധി പോരാളികളുടെ രക്തസാക്ഷിത്വവും ഏഴ് ബന്ദികൾ കൊല്ലപ്പെട്ടതും ഞങ്ങൾ സ്ഥിരീകരിച്ചു. ഗസ്സ മുനമ്പിൽ ശത്രുസൈന്യത്തിന്റെ സൈനിക നടപടികളുടെ ഫലമായി കൊല്ലപ്പെട്ട ശത്രു തടവുകാരുടെ എണ്ണം 70 കവിഞ്ഞതായി ഞങ്ങൾ സ്ഥിരീകരിക്കുന്നു. ബന്ദികളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ എന്നും ബദ്ധശ്രദ്ധരാണ്. എന്നാൽ ശത്രു നേതൃത്വം ബോധപൂർവം അവരെ കൊല്ലുകയാണ് ചെയ്യുന്നത്’ -ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ബന്ദികൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫെബ്രുവരി 11ന് ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചിരുന്നു. അന്ന് എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്രായേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.