വെസ്റ്റ്ബാങ്ക്: ഗസ്സയിലെ സാധാരണക്കാർക്ക് നേരെ ആക്രമണം തുടർന്നാൽ ഇസ്രായേലി ബന്ദികളെ കൊല്ലുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിൽ ഇസ്രായേൽ സേന നടത്തിയ പ്രതികാര ആക്രമണത്തിൽ 700ലധികം പേർ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹമാസിന്റെ മുന്നറിയിപ്പ് വന്നത്. ഹമാസ് വക്താവ് അബു ഉബൈദയെ ഉദ്ധരിച്ച് തിങ്കളാഴ്ചയാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.
ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരും സൈനികരും സാധാരണക്കാരുമടക്കം നുറുകണക്കിന് പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇസ്രായേൽ സൈന്യം തിങ്കളാഴ്ച 2.3 ദശലക്ഷം ആളുകൾ വസിക്കുന്ന ജനസാന്ദ്രതയുള്ള ഗസ്സ മുനമ്പിൽ കനത്ത ആക്രമണം നടത്തി.
അതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഗസ്സയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് പറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേൽ ഉപരോധ പ്രഖ്യാപനം ഗസ്സയിലെ മാനുഷിക സാഹചര്യം അതിവേഗം വഷളാകുമെന്ന് മുന്നറിയിപ്പ് നൽകി.ഗസ്സസയിലെ സാധാരണ ജനങ്ങളുടെ മേൽ ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം യുദ്ധക്കുറ്റമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. ബന്ദികളെ കൊല്ലുമെന്ന ഹമാസിന്റെ ഭീഷണിയെയും ഹ്യൂമൻ റൈറ്റ്സ് വാച്ച് അപലപിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും ഹമാസിനോടും ഇസ്രായേലിനോടും അക്രമം അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.