ഗസ്സ: ഗസ്സയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും ആഹ്വാനം ചെയ്ത് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസ്. പ്രമേയത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അത് പാലിക്കുന്നതിൽ ഇസ്രായേലും ഉത്തരവാദിത്തം കാണിക്കണമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ ബാസിം നഈം പറഞ്ഞു.
“ഈ പ്രമേയം നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ നിർബന്ധിക്കുകയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും ചെയ്യണം. അതിന് അന്താരാഷ്ട്ര സമൂഹത്തിന് കഴിവുണ്ടോ എന്നതാണ് ചോദ്യം’ -അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.
ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പൂർണമായും പിന്മാറണമെന്നും സ്ഥിരം വെടിനിർത്തൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ഇസ്രായേൽ മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
സ്ഥിരം വെടിനിർത്തൽ, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പുനരധിവസിപ്പിക്കൽ, തടവുകാരെ പരസ്പരം കൈമാറൽ എന്നീ ആവശ്യങ്ങൾ മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് അധികൃതർ പറഞ്ഞു. മധ്യസ്ഥ ചർച്ചയിൽ തുടക്കം മുതൽ ഹമാസ് മുന്നോട്ടുവെക്കുന്ന ഈ ആവശ്യം ഇസ്രായേൽ പലതവണ നിരസിച്ചിരുന്നു. ‘എല്ലാ ചർച്ചകളും പരാജയപ്പെടുന്നതിനും ബന്ദിമോചന- വെടിനിർത്തൽ കരാർ തടസ്സപ്പെടുന്നതിനും പൂർണ്ണ ഉത്തരവാദിത്തം നെതന്യാഹുവിനും അദ്ദേഹത്തിന്റെ തീവ്രവാദി സർക്കാറിനുമാണ്’ -ഹമാസ് ചൂണ്ടിക്കാട്ടി.
അതേസമയം, രക്ഷാസമിതി പാസാക്കിയ വെടിനിർത്തൽ പ്രമേയത്തോടുള്ള എതിർപ്പ് ഇസ്രായേൽ പരസ്യമായി പ്രകടമാക്കി. പ്രമേയം വീറ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള യു.എസ് തീരുമാനം ഹമാസിനെതിരായ യുദ്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
“യുദ്ധം തുടങ്ങിയതുമുതൽ രക്ഷാസമിതിയിൽ യു.എസ് സ്വീകരിച്ച നിലപാടിൽനിന്നുള്ള നിന്നുള്ള വ്യക്തമായ പിൻവാങ്ങലാണിത്. അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ നടപ്പാക്കാൻ കഴിയുമെന്ന് ഇത് ഹമാസിന് പ്രതീക്ഷ നൽകും’ -നെതന്യാഹു കൂട്ടിച്ചേർത്തു. റഫ ആക്രമണം സംബന്ധിച്ച ചർച്ചക്ക് യു.എസിലേക്ക് അയക്കാനിരുന്ന പ്രതിനിധി സംഘത്തെ ഇസ്രായേൽ റദ്ദാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.