വാഷിങ്ടണിൽ: ഭാര്യ കൊക്കയിൽ വീണുപോയെന്നും അടിയന്തരമായി രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലഭിച്ച സന്ദേശം പൊലീസിനുണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമായിരുന്നില്ല. നൂറുകണക്കിന് മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് 44 കാരി ജൂലി വീലർ ജീവനോടെ പതിച്ചിരിക്കുന്നത്. രക്ഷപ്പെടാൻ സാധ്യത തീരെ കുറവ്. രക്ഷപ്പെടുത്തുക എളുപ്പമല്ലെന്നുവെച്ച് വെറുതെ വിടാൻ പക്ഷേ, ആകില്ലല്ലോ.
പൊലീസുകാർക്കു പുറമെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും അടിയന്തര രക്ഷാ ദൗത്യസേനയും ചേർന്ന് മൂന്നു ദിവസം മലയിടുക്കുകളിലും താഴെയും നടത്തിയത് വ്യാപക തെരച്ചിൽ. ഹെലികോപ്റ്ററുകളും വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളും അവർക്ക് കൂട്ടായി. എന്നിട്ടും പൊടി പോലും കിട്ടിയില്ല.
തിരഞ്ഞുമടുത്ത് അടുത്ത ഘട്ടത്തിലേക്ക് അന്വേഷക സംഘം കടന്നതോടെയാണ് കഥയിലെ യഥാർഥ 'ട്വിസ്റ്റ്'. മൂന്നു ദിവസം കഴിഞ്ഞ് ഇരുവരുടെയും വീട്ടിലെത്തി പരിശോധിച്ചപ്പോൾ രഹസ്യകേന്ദ്രത്തിൽ ഒളിച്ചിരിപ്പാണ് കക്ഷി. ആരോഗ്യ സുരക്ഷ പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കേസ് നേരിടുന്നതിനാൽ തടവുശിക്ഷ ലഭിക്കുമെന്ന ഭീതിയിൽ അറ്റകൈ എന്ന നിലക്കായിരുന്നു കൊക്കയിൽ വീഴൽ നാടകം.
ആദ്യം ഭാര്യയും പിന്നീട് ഭർത്താവും ചേർന്ന് പതിയെ ഒളിവിൽ പോകാനായിരുന്നു പദ്ധതി. പാതി വിജയിച്ചെന്നു തോന്നിച്ചേടത്ത് രണ്ടുപേരും വീണ്ടും അകത്തായി. ഇത്തവണ പക്ഷേ, കേസ് ഇരട്ടിയുമായി. അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിൽ ഏറെ മുമ്പാണ് നാടിനെ ആദ്യം നടുക്കുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത സംഭവം.
കേസിൽ വാദം കേട്ട കോടതി ഭർത്താവ് റോഡ്നി വീലർക്ക് ശിക്ഷ വിധിച്ചത് രണ്ടു മാസം. ഭാര്യക്ക് പഴയ കേസിൽ നേരത്തെ തന്നെ 54 മാസത്തെ ശിക്ഷ വിധിച്ചിരുന്നു. രക്ഷാ ദൗത്യത്തിന് ചെലവായ തുകയും ഇതോടൊപ്പം അടക്കേണ്ടിവരും.
ജെ.ആർ.ഡബ്ല്യു ഹോം ഹെൽത്ത് സപ്പോർട്ട് സർവീസസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ജൂലി വീലർ. മുതിർന്നവർക്ക് സേവനത്തിനായി സർക്കാർ ജൂലി വീലറുടെ ഈ കമ്പനിക്ക് കരാർ നൽകിയിരുന്നു. ഇതിന്‍റെ മറവിൽ വൻതുക സർക്കാറിനെ വെട്ടിച്ചെന്നാണ് പരാതി. അഞ്ചു ലക്ഷത്തോളം ഡോളർ ഇവർ തട്ടിയെന്നാണ് കണ്ടെത്തിയത്്. 2019ലാണ് ഇവർ കുറ്റക്കാരിയായി കോടതി വിധിച്ചത്. അടുത്ത ജൂണിൽ ഇവരുടെ തടവു ശിക്ഷ കോടതി സ്ഥിരീകരിക്കാനിരിക്കെയാണ് തട്ടിപ്പ് നടത്തി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഭാര്യക്കും മകനുമൊപ്പം മല കയറുന്നതിനിടെയാണ് അപകടമെന്നായിരുന്നു ഇയാൾ പൊലീസിൽ നൽകിയ മൊഴി. 1400 അടി ഉയരമുള്ള പാറക്കെട്ടാണിത്. മുകളിൽ ഹെലികോപ്റ്ററുകൾ വട്ടമിട്ടുപറന്നപ്പോൾ കയറുകെട്ടി കുത്തനെ ഇറങ്ങി രക്ഷാസേനയും നായ്ക്കളും പരിശോധന ഊർജിതമാക്കി. അപകടത്തിന് പിറ്റേന്ന് കാണാതായ വിവരം റോഡ്നി ഫേസ്ബുക്കിൽ പങ്കുവെക്കുകയും പ്രാർഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇടക്കിടെ അന്വേഷണ സംഘം വീട്ടിലെത്തി വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇതിൽ ഒരു തവണയാണ് സംശയം തോന്നി കൂടുതൽ തെരഞ്ഞത്.
വിശ്വസിപ്പിക്കാനായി ഭാര്യയുടെതെന്ന നിലക്ക് ഒരു മൊബൈൽ ഫോണിന്‍റെ ഭാഗങ്ങളും മറ്റും ഇവർ താഴേക്ക് എറിഞ്ഞിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തി. എല്ലാം പൂർത്തിയായതോടെ അപകടമില്ലെന്ന് ഉറപ്പായ സന്തോഷത്തിലാണ് രക്ഷാസേനയും സന്നദ്ധ പ്രവർത്തകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.