ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരവേ തന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ്. ശനിയാഴ്ച പുറത്തിറക്കിയ കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ടിൽ ‘ആരോഗ്യമുള്ള 59 വയസ്സുള്ള സ്ത്രീ’ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്.
ഇടക്കിടക്ക് വരാറുള്ള അലർജികളും അവർക്കുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ മെഡിക്കൽ റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. തന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു.
നോർത്ത് കരോലൈനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാത്ത ട്രംപിന്റെ നടപടിയെ കമല ഹാരിസ് വിമർശിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ മടിക്കുന്നതെന്നും അവർ ചോദിച്ചു. ‘ട്രംപ് തന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടാൻ വിസമ്മതിക്കുന്നു. ഞാനത് ചെയ്തു കഴിഞ്ഞു. ആധുനിക കാലഘട്ടത്തിലെ മറ്റെല്ലാ പ്രസിഡന്റ് സ്ഥാനാർഥികളും അത് ചെയ്തിട്ടുണ്ട്’.
ഡൊണാൾഡ് ട്രംപിനെ തന്റെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിടാൻ അവർ വെല്ലുവിളിക്കുകയും ചെയ്തു. ‘ഇന്നലെ ഞാൻ എന്റെ മെഡിക്കൽ രേഖകൾ പുറത്തുവിട്ടു. ഡൊണാൾഡ് ട്രംപും അങ്ങനെ തന്നെ ചെയ്യണം’. അവർ എക്സിൽ കുറിച്ചു. അതിനിടെ രണ്ടാമത്തെ സംവാദത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് ട്രംപിനെ അവർ വിമർശിച്ചു.
‘രണ്ടാം സംവാദത്തിന് അദ്ദേഹം തയാറല്ല’. ‘അമേരിക്കയെ നയിക്കാൻ കഴിയാത്തത്ര ദുർബലനും അസ്ഥിരനുമാണെന്ന് ആളുകൾ കാണുമെന്ന് അവർ ഭയപ്പെടുന്നുണ്ടോ?’. കമല ഹാരിസ് റാലിയിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.