അങ്കാറ: തുർക്കിയയിലെ ഭൂകമ്പത്തിൽ തകർന്ന പ്രദേശങ്ങളിൽ ദുരിതം ഇരട്ടിയാക്കി പേമാരിയും വെള്ളപ്പൊക്കവും. 13 പേർ മരിച്ചു. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുണ്ട്. രണ്ട് പ്രവിശ്യകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. തെക്കുകിഴക്കൻ അഡിയമാൻ പ്രവിശ്യയിലെ ടുട്ട് പട്ടണത്തിൽ രണ്ടു പേർ മരിച്ചു. ഭൂകമ്പത്തെ അതിജീവിച്ചവർ അഭയംതേടിയ കണ്ടെയ്നർ ഹോം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി ഹേബർടർക്ക് ടി.വി റിപ്പോർട്ട് ചെയ്തു. മേഖലയിൽ വെള്ളപ്പൊക്കത്തിൽ നാലു പേർ മരിച്ചതായി സാൻലിയൂർഫ പ്രവിശ്യയുടെ ഗവർണർ സാലിഹ് അയ്ഹാൻ പറഞ്ഞു. രക്ഷാപ്രവർത്തകർ സാൻലിയൂർഫയിലെ ബേസ്മെന്റ് അപ്പാർട്ട്മെന്റിനുള്ളിൽ അഞ്ച് സിറിയൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
അടിപ്പാതയിൽ കുടുങ്ങിയ വാനിനുള്ളിൽ രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഭൂകമ്പത്തെ അതിജീവിച്ചവർ അഭയം പ്രാപിച്ച ക്യാമ്പിൽനിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു. ഒരു ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഫെബ്രുവരി ആറിന് തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ 52,000ലധികം പേരാണ് മരിച്ചത്. തുർക്കിയയിലെ രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾ തകരുകയോ സാരമായ കേടുപാടുണ്ടാവുകയോ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.