ലാഹോറിലും കനത്ത പുകമഞ്ഞ്: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ മന്ത്രി

ലാഹോർ: ന്യൂഡൽഹിക്കു പുറമെ പാകിസ്താൻ നഗരമായ ലാഹാറിലും കനത്ത പുകമഞ്ഞ്. ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ പഞ്ചാബ് പ്രവിശ്യയിലെ മുതിർന്ന മന്ത്രി മറിയം ഔറംഗസേബ് മലിനീകരണ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി. മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് അവർ അറിയിച്ചു. ഇന്ത്യൻ നഗരത്തിലെ വിഷപ്പുക കാണമാണ് ലാഹോറിലും അന്തരീക്ഷം മലിനമായതെന്ന് അവർ പറഞ്ഞു.

ലാഹോറിൽ 2025 ജനുവരി വരെ സ്കൂൾ കുട്ടികൾ പുറത്തു​ കളിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫിസ് സമയം പരിമിതപ്പെടുത്തുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളുടെ പട്ടികയിൽ ലാഹോർ രണ്ടാം തവണയും ഒന്നാമതെത്തി. കഴിഞ്ഞ ദിവസം, നഗരത്തിലെ വായു ഗുണനിലവാര സൂചിക 1,067 ആയി ഉയർന്നു.

റെക്കോഡ് മലിനീകരണത്തിന്റെ ഫലമായി തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സ്കൂൾ അടച്ചു. അതേസമയം സർക്കാർ, സ്വകാര്യ കമ്പനികളിലെ 50 ശതമാനം ജീവനക്കാരോട് ‘ഗ്രീൻ ലോക്ക്ഡൗണിന്റെ’ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു.

ലാഹോർ നിവാസികളോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും വീടിനുള്ളിൽ തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും മന്ത്രി അഭ്യർഥിച്ചു.

പഞ്ചാബ് ഉദ്യോഗസ്ഥനായ രാജാ ജഹാംഗീർ അൻവർ, ഇന്ത്യയിൽ കുറ്റിക്കാടുകൾ കത്തിക്കുന്നത് വായു മലിനീകരണത്തിന്റെ പ്രധാന സംഭാവനയാണെന്നു വിശേഷിപ്പിച്ചു.

കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, ഇരുരാജ്യങ്ങളുടെയും പൊതുശത്രു എന്ന് വിശേഷിപ്പിച്ച പുകമഞ്ഞിനെതിരെ ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Heavy smog in Lahore too: Pakistan minister blames India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.