തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു. പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയാ ഇർന അറിയിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം അടക്കം പ്രമുഖരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
അപകടത്തിൽപെട്ട ഹെലികോപ്ടർ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇറാൻ റെഡ് ക്രസന്റ് ഇത് നിഷേധിച്ചു. കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്താൻ സമയമെടുക്കുമെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. അപകടത്തിൽപെട്ട ഹെലികോപ്ടറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂടൽമഞ്ഞുള്ള കാലാവസ്ഥയും ദുർഘടമായ പാതകളും തിരച്ചിൽ ദുഷ്കരമാക്കിയിട്ടുണ്ട്. പ്രസിഡന്‍റിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇറാനിലെ ന്യൂസ് ഏജൻസികൾ അഭ്യർത്ഥിച്ചു.
تصاویر جدیدی از تیمهای جستجوی #بالگرد رئیسجمهور pic.twitter.com/pb4p4i1PhU
— خبرگزاری ایسنا (@isna_farsi) May 19, 2024
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറാണിത്. അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങുകയായിരുന്നു.
അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റഈസി അസർബൈജാനിൽ എത്തിയത്. ഇറാൻ - അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. അറാസ് നദിയിൽ ഇരുരാജ്യങ്ങളും ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ അണക്കെട്ടാണിത്. 450 കിലോമീറ്റർ നീളത്തിൽ ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന പുഴയാണ് അറാസ്.
2021ലാണ് റഈസി പ്രസിഡന്‍റ് പദവിയേറുന്നത്. യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി ഇറാൻ പൂർണ പിന്തുണ നൽകുന്നത് യൂറോപ്പിനെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന 63കാരൻ അമേരിക്ക ഉപരോധമേർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.