ഇന്ന് രാവിലെ അസർബൈജാൻ-ഇറാൻ അതിർത്തിയിലെ ക്വിസ്-ഖലാസി അണക്കെട്ട് സന്ദർശിച്ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവും 

പോയത് മൂന്ന് ഹെലികോപ്ടറുകൾ; ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച കോപ്ടറിൽ ഉണ്ടായിരുന്നത് നാല് പ്രമുഖർ

തെഹ്റാൻ: അസർബൈജാൻ പ്രവിശ്യയിൽ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ പോയി മടങ്ങുകയായിരുന്ന ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയു​ടെ സംഘത്തിൽ ഉണ്ടായിരുന്നത് മൂന്ന് ഹെലികോപ്ടറുകൾ. ഇതിൽ പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനി​ലേക്കുള്ള ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം എന്നിവരും സഞ്ചരിച്ച കോപ്ടറാണ് ഇടിച്ചിറക്കിയത്. മറ്റു രണ്ട് കോപ്ടറുകൾ തിരിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്തു.

തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് പർവതനിരകൾ നിറഞ്ഞ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം. ഇറാനിലെ വലിയ നഗരങ്ങളിലൊന്നായ തബ്രിസിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ജോഫയ്ക്കും വർസാഖാനും ഇടയിൽ സൻഗുൻ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് കോപ്ടർ തകർന്നത്. മഞ്ഞുമൂടിയ കാലാവസ്ഥയെ തുടർന്ന് കോപ്ടർ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നനത്. സംഘവുമായുള്ള വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് ഇബ്രാഹിം റഈസിയും സംഘവും എത്തിയത്. തുടർന്ന് മറ്റുപ്രവിശ്യകൾ സന്ദർശിക്കാൻ പോകുകയായിരുന്നു.


പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയാ ഇർന അറിയിച്ചു. ആംബുലൻസുകളും രക്ഷാപ്രവർത്തകരും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അപകടസ്ഥലത്ത് എത്താൻ സമയമെടുക്കുമെന്നും ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. പ്രസിഡന്‍റിനും കോപ്ടറിലുണ്ടായിരുന്നവർക്കും വേണ്ടി ജനങ്ങൾ പ്രാർഥനാപൂർവം കാത്തിരിക്കുകയാണ്.

Tags:    
News Summary - Helicopter went missing near Sungun copper mine in East Azerbaijan province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.