കേമ്പാഡിയയിൽ വേറിട്ടൊരു വിരമിക്കൽ ചടങ്ങ് നടന്നു. അഞ്ചുവർഷത്തെ സേവനം കൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിച്ച ഒരു എലിയായിരുന്നു ചടങ്ങിലെ താരം. മാഗവ എന്ന പേരുള്ള ആഫ്രിക്കൻ എലിയാണ് അഞ്ചുവർഷത്തെ സേവനത്തിന് ശേഷം തന്‍റെ ഏഴാമത്തെ വയസിൽ സർവീസിൽ നിന്ന് വിരമിച്ചത്.
എലികൾ എങ്ങിനെയാണ് ജീവൻ രക്ഷിക്കുക എന്നാലോചിച്ച് തലപുകക്കേണ്ട. തന്‍റെ സർവീസ് കാലയളവിനിടയിൽ രണ്ടേകാൽ ലക്ഷം ചതുരശ്ര മീറ്റർ ഭൂമിയെയാണ് മാഗവ സുരക്ഷിതമാക്കിയത്. ഏകദേശം 42 ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പമുണ്ടാകും അത്രയും ഭൂമിക്ക്. അറിയാതെ മനുഷ്യരൊന്ന് കാലെടുത്തു വെച്ചാൽ പൊട്ടിത്തെറിക്കുമായിരുന്ന 71 മൈനുകളും 38 മറ്റു സ്ഫോടക വസ്തുക്കളും ആ ഭൂമിയിൽ നിന്ന് കണ്ടെത്തിയാണ് മാഗവ തന്‍റെ ജോലി ഭംഗിയായി നിർവഹിച്ചത്.
ശരിക്കു പറഞ്ഞാൽ താൻസാനിയയാണ് മാഗവ എന്ന മുഷിക പ്രതിഭയുടെ സ്വദേശം. 2014 ലായിരുന്നു മാഗവയുടെ ജനനം. ബെൽജിയൻ സന്നദ്ധ സംഘടനയായ 'അേപാപോ'യാണ് മാഗവക്ക് പരിശീലനം നൽകിയത്.
ഭൂമിയിൽ കുഴിച്ചിട്ട മൈനുകളടക്കമുള്ള സ്ഫോടക വസ്തുക്കൾ മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനമാണ് മാഗവക്ക് നൽകിയത്. ആ പരീക്ഷണം വൻ വിജയമായിരുന്നു. ഒരു ടെന്നീസ് കോർട്ടിന്‍റെ വലിപ്പമുള്ള സ്ഥലത്ത് മൈനുകളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ മാഗവക്ക് വേണ്ടി വന്നത് അര മണിക്കുറാണ്. സാധാരണ മെറ്റൽ ഡിറ്റക്റ്ററുകളുപയോഗിച്ച് ഇത്രയും ഭാഗം അരിച്ചുപെറുക്കി മൈനുകൾ കണ്ടെത്താൻ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടതാണ്. അതാണ് അര മണിക്കൂറു കൊണ്ട് മാഗവ എന്ന മുഷിക പ്രതിഭ പൂർത്തിയാക്കിയത്.
2016 ലാണ് മാഗവയെ കേമ്പാഡിയയിൽ എത്തിക്കുന്നത്. പിന്നീട് ഒാടി നടന്ന് ജോലി ചെയ്യുകയായിരുന്നു മാഗവ. മനുഷ്യർ മൈനുകൾ കണ്ടെത്താൻ പരിശോധന നടത്തുേമ്പാൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, ഭാരം കുറഞ്ഞ എലികൾ പരിശോധന നടത്തുേമ്പാൾ ആ ഭീഷണി ഉണ്ടായിരുന്നില്ല. മൈൻ കണ്ടെത്തിയാൽ മാഗവ ഭുമിയിൽ ചുരണ്ടി കൊണ്ടിരിക്കും. പിന്നീട് മൈൻ നിർവീര്യമാക്കുന്നവർക്ക് ജോലി എളുപ്പമാകും.
2020 ൽ ബ്രിട്ടനൽ നിന്ന് ധീരതക്കുള്ള ഉയർന്ന പുരസ്കാരം മാഗവക്ക് ലഭിച്ചിരുന്നു. മാഗവയുടെ ധൈര്യത്തെയും സേവനത്തെയും മാനിച്ചാണ് പുരസ്കാരം നൽകിയത്.
മാഗവക്ക് പ്രായമേറിയതുകൊണ്ടോ ജോലി ചെയ്യാൻ കഴിയാത്തതുകൊണ്ടോ അല്ല വിരമിക്കുന്നതെന്ന് പരിശീലകരായ 'അപോപോ' പറയുന്നു. ഇനി മാഗവക്ക് വിശ്രമിക്കാനും ഇഷ്ടമുള്ള പഴങ്ങളും നട്സും കഴിച്ചിരിക്കാനുമുള്ള സമയമാണെന്നും അവർ പറഞ്ഞു. മൈൻ റൈഡുകളിൽ ഇനി മാഗവയെ മിസ് ചെയ്യുമെന്നും വിരമിക്കൽ വികാര നിർഭരമാണെന്നും അപോപോ ഭാരവാഹികൾ പറയുന്നു.
പുതിയതായി പരിശീലനം നൽകിയ 20 എലികളെ കൂടി അപോപോ കേമ്പാഡിയയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.