ഫയൽ ചിത്രം

ഹിസ്ബുല്ല മേധാവി ഹമാസുമായി കൂടിക്കാഴ്ച നടത്തി

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതി എല്ലാ അതിരുകളും ലംഘിച്ച് 19ാം ദിവസവും തുടരുന്നതിനിടെ ലബനാൻ രാഷ്ട്രീയ പാർട്ടിയും പോരാളി ഗ്രൂപ്പുമായ ഹിസ്ബുല്ല, ഫലസ്തീൻ പോരാളി സംഘടനയായ ഹമാസുമായി കൂടിക്കാഴ്ച നടത്തി. ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റുല്ല, ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരിയെയും ഇസ്‍ലാമിക് ജിഹാദ് മേധാവി സിയാദ് അൽ-നഖലയെയുമാണ് സന്ദർശിച്ചതെന്ന് ഹിസ്ബുല്ല ചാനൽ അൽ-മനാർ ടി.വി റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര തലത്തിൽ സ്വീകരിച്ച നിലപാടുകളും പ്രതിരോധ സഖ്യം ചെയ്യേണ്ട കാര്യങ്ങളും യോഗം വിലയിരുത്തി. ഗസ്സയിൽ പ്രതിരോധം ശക്തമാക്കാനുള്ള നീക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് ഇറാൻ, സിറിയ, ഫലസ്തീൻ സായുധ ഗ്രൂപ്പുകൾ, ലെബനനിലെ ഹിസ്ബുല്ല അടക്കമുള്ള സഖ്യത്തെ പരാമർശിച്ച് അൽ-മനാർ പറഞ്ഞു.

അതിനിടെ, ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരണസംഖ്യ 5800 കവിഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റവരിൽ 7,000 പേർ മരണാസന്നരാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുകളിൽനിന്ന് കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായി ഗസ്സയിലെ ആശുപത്രികൾ മാറി. വൈദ്യസഹായവും ഇന്ധനവും അടിയന്തരമായി എത്തിക്കണമെന്ന് ഡോക്ടർമാരും ഉദ്യോഗസ്ഥരും നിരന്തരം ആവശ്യപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. തുറന്ന ആശുപത്രികളിൽ ഇന്ധനവും ഉപകരണങ്ങളും കുറഞ്ഞതിനാൽ സേവനങ്ങളൊന്നും നൽകാൻ കഴിയുന്നില്ലെന്നും അവർ അറിയിച്ചു.

ഇന്ന് ഗാസയിലെ താൽ അൽ ഹവയിൽ പാർപ്പിട കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം ഇസ്രായേലി ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 103 ആയി.

ഗസ്സ ആക്രമണത്തിന് നേരിട്ടുള്ള ചെലവ് ഒരു ദിവസം ഏകദേശം 246 മില്യൺ ഡോളറാണെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി അറിയിച്ചു. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച യുഎൻ മേധാവി ഗുട്ടെറസ്, ഇത് ശൂന്യതയിൽ സംഭവിച്ചതല്ലെന്നും പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അധിനിവേശത്തി​ന്റെ ഫലമാണെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Hezbollah chief meets Hamas, Islamic Jihad leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.