തെൽ അവിവ്: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം കനക്കവേ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തി ലെബനാനിലെ ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ ബൈത്ത് ഹിലെൽ മേഖലയിലേക്കാണ് ആക്രമണം നടത്തിയത്. ലെബനാനിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല അറിയിച്ചു. നിരവധി റോക്കറ്റുകൾ ഇസ്രായേലിന്‍റെ അയേൺ ഡോം വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു.
നേരത്തെ, തെക്കൻ ലെബനാനിലേക്ക് ഇസ്രായേൽ ഒന്നിലേറെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഡ്രോൺ ആക്രമണത്തിൽ ഒരു ഹിസ്ബുല്ല അംഗം കൊല്ലപ്പെടുകയുമുണ്ടായി.
ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് പിന്നാലെ യുദ്ധസമാന ഭീതിയിലാണ് പശ്ചിമേഷ്യൻ മേഖല. ഹനിയ്യയുടെ കൊലപാതകത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു പിന്നാലെ ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തു.
പശ്ചിമേഷ്യൻ മേഖലയിലേക്ക് വിമാന വാഹിനികപ്പൽ അയക്കാനും പെന്റഗൺ തീരുമാനിച്ചിട്ടുണ്ട്. സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും ഡിസ്ട്രോയറുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാൻ യു.എസ് പ്രതിരോധ വകുപ്പ് ഉത്തരവിടുകയും ചെയ്തു. കര അധിഷ്ടിത ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ആയുധങ്ങൾ അയക്കാനും നടപടി സ്വീകരിച്ചായി യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.