ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ ഗോലാൻ കുന്നുകളിൽ തീപ്പിടിച്ചപ്പോൾ (Maor Kinsbursky/Flash90)

ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ വൻ ആക്രമണം: 200 റോക്കറ്റുകളും 20 ​ഡ്രോണുകളും വിക്ഷേപിച്ചു

തെൽഅവീവ്: ഇസ്രായേലിലേക്ക് 200 റോക്കറ്റുകളും 20 ​ഡ്രോണുകളും ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയതായി ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല. ഇക്കാര്യം ഇസ്രായേൽ പ്രതിരോധ സേനയും സ്ഥിരീകരിച്ചു.

ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് നിമാഹ് നാസറിനെ ബുധനാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം. ഇസ്രായേലിലെ നിരവധി സൈനിക കേന്ദ്രങ്ങളിൽ 200 ലധികം മിസൈലുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിൽ യുദ്ധം ആരംഭിച്ചശേഷം ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ഹിസ്ബുല്ല ആക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രായേലിൽ 10 കേന്ദ്രങ്ങളിൽ തീപിടിച്ചതായി ഇസ്രായേലി ദിനപത്രമായ യെദിയോട്ട് അഹ്രാനോത്ത് റിപ്പോർട്ട് ചെയ്തു.

വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇതിൽ ഏതാനും റോക്കറ്റുകളും ഡ്രോണുകളും വെടിവച്ചിട്ടതായി ​ഐ.ഡി.എഫ് അവകാശപ്പെട്ടു. പിന്നാലെ, തെക്കൻ ലബനാനിലെ വിവിധ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിച്ചതായും ഇസ്രായേൽ അറിയിച്ചു.

അതിനി​ടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതിനകം 38,011 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 87,445 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 58 പേർ കൊല്ലപ്പെടുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Hezbollah says it fired over 200 rockets towards Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.