കാലിഫോർണിയ: കാലിഫോർണിയിലെ സാക്രമെന്‍റോയിലെ ‘ബാപ്സ്’ ഹിന്ദു ക്ഷേത്രത്തിന്റെ അങ്കണത്തിൽ വിദ്വേഷ വാക്കുകളുമായി ചുവരെഴുത്ത്. പത്തു ദിവസത്തിനുള്ളിൽ യു.എസിലെ രണ്ടാമത്തെ സംഭവമാണിതെന്നും ‘ഹിന്ദുക്കൾ മടങ്ങിപ്പോവുക’ എന്ന് എഴുതി ക്ഷേത്രത്തെ അപമാനിച്ചതായും ബാപ്സ് അധികൃതർ പറഞ്ഞു. സെപ്റ്റംബർ 17ന് ന്യൂയോർക്കിലെ മെൽവില്ലിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിരിൽ പതിച്ച ചുവരെഴുത്തുകൾക്ക് ശേഷമാണ് ബുധനാഴ്ച രാത്രിയിലെ സംഭവം.
ന്യൂയോർക്കിലെ ബാപ്സ് മന്ദിറിനെ അശുദ്ധമാക്കി 10 ദിവസങ്ങൾക്കുള്ളിൽ സാക്രമെന്‍റോയിലെ സി.എ ഏരിയയിലെ ഞങ്ങളുടെ മന്ദിർ കഴിഞ്ഞ രാത്രി ഹിന്ദു വിരുദ്ധ വിദ്വേഷത്തോടെ അവഹേളിച്ചു. ‘ഹിന്ദുക്കൾ തിരികെ പോകൂ’ എന്നാണതിൽ. സമാധാന പ്രാർത്ഥനകളോടെ വിദ്വേഷത്തിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു’ -ബാപ്സ് പബ്ലിക് അഫയേഴ്സ് ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.
‘വിദ്വേഷത്തിനെതിരായ ഞങ്ങളുടെ അപലപനം നിശ്ചയദാർഢ്യത്തോടെ തുടരും. ഹൃദയത്തിൽ വിദ്വേഷമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും വേണ്ടിയുള്ള പ്രാർഥനകൾ കൂടുതൽ ശക്തമാക്കും. ഈ വിദ്വേഷ കുറ്റകൃത്യത്തിൽ നിയമ നിർവഹണ അധികാരികളുമായി ബാപ്സ് സഹകരിച്ച് പ്രവർത്തിക്കും’ എന്ന് പ്രസ്താവനയിൽ പറഞ്ഞു.
സാക്രമെന്‍റോയിലെ ശ്രീ സ്വാമിനാരായൺ മന്ദിർ വലിയ ഒരു വിഭാഗത്തെ പിന്തുണക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളിലും പദ്ധതികളിലും ഏർപ്പെട്ടിരിക്കുന്ന ഊർജ്ജസ്വലരായ ഒരു ഹിന്ദു സമൂഹത്തിന്റെ ആവാസ കേന്ദ്രമാണത്. ഞങ്ങൾ ഈ കമ്യൂണിറ്റിയുടെ ഘടനയുടെ അവിഭാജ്യ ഘടകമാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതികരണവുമായി ക്ഷേത്ര സമൂഹം പ്രാർത്ഥനാ ചടങ്ങിനായി ഒത്തുകൂടി. സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തു.
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാപ്സിന് അമേരിക്കയിൽ നൂറിലധികം ക്ഷേത്രങ്ങളും കേന്ദ്രങ്ങളുമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അക്ഷർധാം ക്ഷേത്രം ന്യൂജേഴ്‌സിയിൽ തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.