ബൈറൂത്ത്: ലെബനാനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് എട്ടു വയസുള്ള പെൺകുട്ടിയുൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 3000ത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൊസാദ് വഴി ഇസ്രായേൽ നടത്തിയ ഓപ്പറേഷന് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന് മുന്നോടിയായി, ലെബനാനിൽ ഒരു സൈനിക ഓപ്പറേഷൻ നടക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസിനെ അറിയിച്ചെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് യു.എസ് പറയുന്നത്. ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്.
ഓപ്പറേഷൻ നടത്തിയത് ഇങ്ങനെ
ഒരേസമയം, നിരവധി ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ മാസങ്ങൾ നീണ്ട ഓപ്പറേഷന്റെ പരിസമാപ്തിയാണ് ലെബനാനിൽ കണ്ടത്. ഏറെ സങ്കീർണവും നീണ്ടുനിൽക്കുന്നതുമായ ഒരു ഓപ്പറേഷനായിരുന്നു അത്. മാസങ്ങൾക്ക് മുമ്പ് ഹിസ്ബുല്ല ഇറക്കുമതി ചെയ്ത 5000 പേജറുകൾക്കുള്ളിൽ മൊസാദ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചുവെന്നാണ് ലെബനാൻ സുരക്ഷ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞത്. തായ്‍വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോയിൽ നിന്നുള്ളതായിരുന്നു ഈ പേജറുകൾ. എന്നാൽ ഉപകരണങ്ങൾ നിർമിച്ചത് തങ്ങളല്ലെന്നാണ് കമ്പനി പറയുന്നത്. തങ്ങളുടെ ബ്രാൻഡ് ട്രേഡ് മാർക്ക് ഉപയോഗിക്കാൻ അനുവാദമുള്ള യൂറോപ്പിലെ ബി.എ.സി എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്നാണ് ഗോൾഡ് അപ്പോളോ പറയുന്നത്. ഇത് ഇസ്രായേലിന്റെ കമ്പനിയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രായേൽ സെൽഫോണുകൾ ചോർത്തുന്നുവെന്ന് സംശയിക്കുന്നതിനാൽ സെൽഫോൺ കൈവശം വെക്കരുതെന്നായിരുന്നു ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് ആശയവിനിമയത്തിനായി ഹിസ്ബുല്ല സംഘം പേജറുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. പേജറുകൾ ഉപയോഗിക്കാനുള്ള നസ്റുല്ലയുടെ തീരുമാനത്തിന് മുമ്പേ ഹംഗറി ആസ്ഥാനമായുള്ള ബി.എ.സി കൺസൾട്ടിങ് മുഖേന അന്താരാഷ്ട്ര പേജർ നിർമാതാവായി അവതരിപ്പിക്കുന്ന ഒരു ഷെൽ കമ്പനി സ്ഥാപിക്കാനുള്ള പദ്ധതി ഇസ്രായേൽ തുടങ്ങിയിരുന്നു.
പേജറുകൾ നിർമിക്കുന്ന ഇസ്രോയേൽ ഇന്റലിജൻസ് ഓഫിസർമാരുടെ വ്യക്തിത്വം തിരിച്ചറിയാതിരിക്കാൻ കുറഞ്ഞത് രണ്ട് ഷെൽ കമ്പനികളെങ്കിലും സൃഷ്ടിച്ചതായി ഓപ്പറേഷനെ കുറിച്ച് വിവരിച്ച മൂന്ന് ഇന്റലിജൻസ് ഏജൻസികൾ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തുകയുണ്ടായി. 2022ലാണ് ഈ പേജറുകൾ ലെബനാനിലേക്ക് അയച്ചത്. ഘട്ടംഘട്ടമായി ഓർഡറുകൾ വർധിക്കുകയും ചെയ്തു. ഈ പേജറുകളുടെ ബാറ്ററികളിലാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചത്. രണ്ട് ഔൺസ് വരെ സ്ഫോടകവസ്തുക്കളാണ് ഓരോ പേജറുകളിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിച്ചാൽ പൊട്ടിത്തെറിക്കുന്ന ഇവ സ്കാനറുകളിൽ കണ്ടെത്തുക പ്രയാസമായിരുന്നു. കാർഗോ ലെബനനിലെത്തുന്നതിന് മുമ്പ് ഇസ്രായേൽ ചാര ഏജൻസിയായ മൊസാദിന്‍റെ ഏജന്‍റുമാർ ബാറ്ററിക്ക് സമീപം സൂക്ഷ്മമായ സ്ഫോടക വസ്തു വെക്കുകയായിരുന്നു.
പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 10 സെക്കൻഡ് നേരം പേജറുകളെല്ലാം ബീപ്പ് ചെയ്‌തു. സാധാരണ സന്ദേശം വരുമ്പോഴുള്ള ശബ്ദമാണ് കേട്ടത്. മെസേജാണെന്ന് കരുതി പലരും വായിക്കാൻ മുഖത്തോട് ചേർത്തുപിടിച്ചതും സ്ഫോടനം നടന്നു. അതുകൊണ്ട് തന്നെ കണ്ണിനാണ് പലർക്കും ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ഇറാൻ അംബാസഡർ മുജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടമായതായും മറ്റൊരു കണ്ണിന് സാരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.