അങ്കാറ: രാജ്യത്തെ ജീവിതച്ചെലവുയരുന്നതിനിടെ 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 73.5 ശതമാനത്തിൽ എത്തി തുർക്കിയിലെ പണപ്പെരുപ്പം. മേയിലെ ഔദ്യോഗിക കണക്കാണ് പുറത്തുവന്നത്. തൊട്ടുമുമ്പുള്ള മാസത്തെക്കാൾ 70 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ വിലസൂചിക ഏപ്രിലിനേക്കാൾ മൂന്നുശതമാനവും വർധിച്ചു.
മിക്ക രാജ്യങ്ങളും വിലക്കയറ്റം നേരിടുന്നുണ്ടെങ്കിലും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സാമ്പത്തികനയങ്ങളാണ് തുർക്കിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിമർശകർ പറയുന്നത്. ഡോളറിനെതിരെ തുർക്കിഷ് കറൻസി ലിറയുടെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 44 ശതമാനമാണ് ഇടിഞ്ഞത്.
റഷ്യ-യുക്രൈൻ യുദ്ധത്തെതുടർന്നുണ്ടായ എണ്ണ-വാതക-ധാന്യ വിലവർധനയാണ് സ്ഥിതി വഷളാക്കിയത്. 2023 ജൂണിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസി പണപ്പെരുപ്പത്തിന്റെ വ്യാപ്തി മനഃപൂർവം കുറച്ചുകാട്ടുകയാണെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും ആരോപിച്ചു. എന്നാൽ, രാജ്യത്തിന്റെ ദീർഘകാല വ്യാപാര കമ്മി ഇല്ലാതാക്കി പണപ്പെരുപ്പം കുറക്കാൻ മൂല്യം കുറഞ്ഞ ലിറയും കയറ്റുമതിയിലെ കുതിച്ചുചാട്ടവും പ്രയോജനപ്പെടുത്തുന്ന പുതിയ സാമ്പത്തിക മാതൃകയാണ് താൻ സ്വീകരിക്കുന്നതെന്ന് ഉർദുഗാൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.