വാഴ്സോ: ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നുമുള്ള അഭയാർഥികളെ സുരക്ഷ സൈനികർ തടഞ്ഞതോടെ ബെലറൂസ്-പോളണ്ട് അതിർത്തിയിൽ സംഘർഷം. ബെലറൂസ് വഴി പോളണ്ടിലേക്കും അതുവഴി മധ്യ യൂറോപ്പിലേക്കും കുടിയേറാനെത്തിയ നാലായിരത്തോളം അഭയാർഥികളും കുടിയേറ്റക്കാരുമാണ് ബെലറൂസിെൻറ പോളണ്ട് അതിർത്തിയിൽ കുടുങ്ങിയത്.
അതിശൈത്യത്തെ നേരിടാനുള്ള ഉപകരണങ്ങളൊന്നുമില്ലാതെ അതിർത്തിയോട് ചേർന്ന കുസ്നിക ഗ്രാമത്തിൽ കഴിയുന്ന അഭയാർഥികളുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തക മാർത്ത ഗ്രേസിൻസ്ക പറഞ്ഞു. കാടിനോട് ചേർന്നുള്ള ഇവിടെ ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളൊന്നും ലഭ്യമല്ല. ശൈത്യം നേരിടാനുള്ള സജ്ജീകരണങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു.
മധ്യ യൂറോപ്പിലേക്ക് കുടിയേറാൻ മാസങ്ങളായി ബെലറൂസ് സർക്കാർ അഭയാർഥികളെ പ്രേരിപ്പിക്കുന്നതായി പോളണ്ട് ആരോപിക്കുന്നു. ദീർഘകാലമായി ബെലറൂസ് ഭരിക്കുന്ന അലക്സാണ്ടർ ലുകഷങ്കോക്കെതിരായ യൂറോപ്യൻ യൂനിയൻ ഉപരോധത്തിനോടുള്ള പ്രതികാരമെന്ന നിലയിലാണ് ബെലറൂസ് സർക്കാറിെൻറ നടപടിയെന്നാണ് ആരോപണം. അഭയാർഥി കുടിയേറ്റം തടയുന്നതിനായി പോളണ്ട് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിച്ച് സൈന്യം കാവൽ നിൽക്കുകയാണ്.
വരും ദിനങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കേണ്ടി വരുമെന്ന് പോളണ്ട് മുന്നറിയിപ്പ് നൽകി. അഭയാർഥികളെ ഉപയോഗിച്ച് ബെലറൂസ് പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പോളിഷ് വിദേശ സഹമന്ത്രി പിയൊറ്റർ വാവ്റിക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.